യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി സുപ്രധാന നിർദ്ദേശങ്ങളും കർശന പെരുമാറ്റച്ചട്ടങ്ങളും പുറത്തിറക്കി ഇത്തിഹാദ് റെയിൽ. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാസഞ്ചർ ട്രെയിൻ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ പുതിയ 'പാസഞ്ചർ ചാർട്ടർ' പ്രാബല്യത്തിൽ വരുത്തിയത്. സ്റ്റേഷനുകളിലും ട്രെയിനുകളിലും നിയമലംഘനം നടത്തുന്ന യാത്രക്കാരെ പുറത്താക്കാനും പിഴ ചുമത്താനും ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരം നൽകുന്നതാണ് പുതിയ നിർദ്ദേശങ്ങൾ.
സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കാൻ റാൻഡം പരിശോധനകൾ നടത്താൻ സുരക്ഷാ ജീവനക്കാർക്ക് അനുമതിയുണ്ട്. മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ ഉയർന്ന ശബ്ദത്തിൽ പാട്ടു വയ്ക്കുകയോ മൊബൈൽ ഫോണുകൾ ഉപയോഗിക്കുകയോ ചെയ്താൽ അടുത്ത സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിവിടും. കൂടാതെ, മദ്യപിച്ചോ ലഹരിവസ്തുക്കൾ ഉപയോഗിച്ചോ യാത്ര ചെയ്യാൻ എത്തുന്നവരെ സ്റ്റേഷനിൽ പ്രവേശിക്കാൻ പോലും അനുവദിക്കില്ല.
യാത്രക്കാർക്ക് മാന്യമായ വസ്ത്രധാരണം നിർബന്ധമാക്കിയിട്ടുണ്ട്. ട്രെയിനിലോ സ്റ്റേഷനിലോ മാലിന്യം വലിച്ചെറിയുക, തുപ്പുക, ഇത്തിഹാദ് റെയിലിന്റെ സ്വത്തുക്കൾ നശിപ്പിക്കുകയോ അഴുക്കാക്കുകയോ ചെയ്യുക എന്നിവ പൂർണ്ണമായും നിരോധിച്ചു. മറ്റുള്ളവരുടെ അനുവാദമില്ലാതെ ഫോട്ടോയോ വീഡിയോയോ പകർത്തിയാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരും. മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുന്നതും ട്രെയിനിന്റെ വാതിലുകളിൽ തടസ്സം സൃഷ്ടിക്കുന്നതും കുറ്റകരമാണ്.
ആവർത്തിച്ച് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ ഇത്തിഹാദ് റെയിൽ സേവനങ്ങളിൽ നിന്ന് പൂർണ്ണമായി വിലക്കും. നിയമങ്ങൾ ലംഘിക്കുകയും ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ച് പുറത്തുപോകാൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്നവരെ ആവശ്യമായ ബലം പ്രയോഗിച്ച് പുറത്താക്കാൻ അധികൃതർക്ക് അധികാരമുണ്ടായിരിക്കും.
Content Highlights: Etihad Rail has introduced new passenger rules aimed at maintaining a comfortable and orderly travel environment. The regulations include restrictions on loud music and phone calls during journeys.