ട്രെയിൻ ഇറങ്ങി നേരെ കാറിലേക്ക്; ഇത്തിഹാദ് റെയിൽ യാത്രക്കാർക്കായി പുതിയ 'റെയിൽ ടു റോഡ്' കാർ പദ്ധതി

നേരിട്ടെത്തുന്ന യാത്രക്കാർക്കായും ആവശ്യത്തിന് വാഹനങ്ങൾ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്

ഇത്തിഹാദ് റെയിൽ യാത്രക്കാർക്കായി അബുദാബി, ഫുജൈറ റെയിൽവേ സ്റ്റേഷനുകളിൽ കാർ വാടകയ്ക്ക് എടുക്കാവുന്ന ‘റെയിൽ ടു റോഡ്’ (Rail to Road) സേവനത്തിന് തുടക്കമായി. പ്രമുഖ കാർ റെന്റൽ കമ്പനിയായ ‘ത്രിഫ്റ്റി’യുമായി (Thrifty) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രതിദിനം 80 ദിർഹം മുതൽ 200 ദിർഹം വരെയുള്ള നിരക്കുകളിൽ യാത്രക്കാർക്ക് കാറുകൾ ലഭ്യമാകും. പ്രത്യേകം സെക്യൂരിറ്റി ഡെപ്പോസിറ്റോ, കാർ തിരികെ നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കേണ്ട ആശങ്കയോ ഇല്ലാതെ തന്നെ യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

ഓരോ പാക്കേജിനൊപ്പവും ഇന്ധനച്ചെലവും 60 കിലോമീറ്റർ വരെയുള്ള സൗജന്യ ഡ്രൈവിംഗ് പരിധിയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ദൂരം സഞ്ചരിക്കണമെങ്കിൽ അധിക തുക നൽകി ആനുകൂല്യം വദ്ധിപ്പിക്കാം. ട്രെയിൻ സമയത്തിൽ വ്യതിയാനങ്ങൾ വന്നാലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ 24 മണിക്കൂർ അടിസ്ഥാനത്തിലാണ് റെന്റൽ കാലാവധി കണക്കാക്കുന്നത്.

യാത്രയ്ക്ക് മുമ്പോ സ്റ്റേഷനിൽ എത്തിയ ശേഷമോ കാറുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന നിർബന്ധമില്ല. നേരിട്ടെത്തുന്ന യാത്രക്കാർക്കായും ആവശ്യത്തിന് വാഹനങ്ങൾ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണയായി കാർ എടുത്ത സ്റ്റേഷനിൽ തന്നെയാണ് വാഹനം തിരികെ നൽകേണ്ടതെങ്കിലും ചെറിയൊരു അധിക തുക നൽകി യുഎഇയിലെ മറ്റ് ത്രിഫ്റ്റി കേന്ദ്രങ്ങളിലും വാഹനം ഏൽപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ബുക്കിംഗ് ആപ്പിലൂടെ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ കാർ റെന്റൽ സേവനവും തെരഞ്ഞെടുക്കാം. യാത്രക്കാരുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി അഞ്ച് വർഷത്തെ പങ്കാളിത്ത കരാറാണ് ഇത്തിഹാദ് റെയിലും ത്രിഫ്റ്റിയും തമ്മിൽ ഒപ്പിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 500-ഓളം കാറുകളുടെ വിശാലമായ ശൃംഖലയും കമ്പനി സ്റ്റേഷനുകളിൽ സജ്ജമാക്കും.

Content Highlights: Etihad Rail has introduced a new 'Rail to Road' car service for passengers, enabling them to transition conveniently from train travel to road transport and continue their journeys by car.

To advertise here,contact us