ഡ്രൈവിങ് ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ യുഎഇയിലെ ഡ്രൈവർമാർക്ക് അവസരം. പുതിയ അക്കാദമിക് വർഷത്തിന്റെ ആദ്യ ദിനത്തിൽ സുരക്ഷിതമായി വാഹനമോടിക്കുന്നത് വഴിയാണ് ഈ അവസരം ഉപയോഗിക്കാൻ കഴിയുക. യുഎഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ ട്രാഫിക് കൗൺസിലും ചേർന്നാണ് വർഷം തോറും നടപ്പിലാക്കുന്ന 'അപകടരഹിത ദിനം' (Accident-Free Day) ബോധവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് ഡ്രൈവർമാർക്ക് വലിയ അവസരമൊരുങ്ങിയിരിക്കുന്നത്. യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഓഗസ്റ്റ് 31-നാണ് ഈ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ഡ്രൈവർമാർ ഓഗസ്റ്റ് 17 മുതൽ രജിസ്ട്രേഷൻ ആരംഭിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നൽകിയിട്ടുള്ള ലിങ്കിലൂടെ പ്രവേശിച്ചാണ് സുരക്ഷിതമായി വാഹനമോടിക്കുമെന്ന പ്രതിജ്ഞ ഒപ്പിടേണ്ടത്. തുടർന്ന് ഓഗസ്റ്റ് 31-ന് യാതൊരുവിധ ട്രാഫിക് നിയമലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാക്കാതെ കൃത്യമായി നിർദ്ദേശങ്ങൾ പാലിക്കുന്നവരുടെ ലൈസൻസിൽ നിന്നാണ് നാല് ബ്ലാക്ക് പോയിന്റുകൾ നീക്കം ചെയ്യും.
വേഗപരിധി പാലിക്കുക, സ്കൂൾ മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, കൃത്യമായ ട്രാക്ക് പാലിക്കുക, വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക എന്നിവയാണ് പങ്കാളികൾ പാലിക്കേണ്ട പ്രധാന നിബന്ധനകൾ. സ്കൂളുകൾ തുറക്കുന്നതോടെ റോഡുകളിൽ അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്ത് അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. 2025-ൽ മൂന്ന് ലക്ഷത്തിലധികം ഡ്രൈവർമാരാണ് പദ്ധതിയുടെ ഭാഗമായത്. ഡ്രൈവിങ് ലൈസൻസിൽ 24 ബ്ലാക്ക് പോയിന്റുകൾ തികഞ്ഞാൽ ലൈസൻസ് റദ്ദാക്കപ്പെടും എന്നതിനാൽ, നിലവിൽ ബ്ലാക്ക് പോയിന്റുകൾ ലഭിച്ചിട്ടുള്ള വാഹന ഉടമകൾക്ക് വലിയൊരു ആശ്വാസമാണ് ഈ പദ്ധതി നൽകുന്നത്. ഓഗസ്റ്റ് 31 ഒരു ദിവസത്തെ മാത്രം ദൗത്യമായി കാണാതെ, സുരക്ഷിതമായ ഡ്രൈവിങ് രീതികൾ ജീവിതചര്യയാക്കി മാറ്റാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Content Highlights: The UAE has announced a relief scheme for eligible motorists to remove black points from their driving licences. The initiative offers drivers an opportunity to clear accumulated points subject to the applicable conditions.