അനധികൃതമായി മലിനജലം തള്ളിയാൽ 100000 ദിർഹം വരെ പിഴ; കർശന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

മലിനജലവും മറ്റ് മാലിന്യങ്ങളും അനധികൃതമായി തള്ളുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി

അനധികൃതമായി മലിനജലം തള്ളുന്നതിനെതിരായി കർഷന നടപടി മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി. അധികൃതർ അനുവദിക്കാത്ത സ്ഥലങ്ങളിൽ മലിനജലം തള്ളുന്ന ടാങ്കറുകൾ കണ്ടെത്തിയിരുന്നു. പിന്നാലെ ഈ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് നിയമപ്രകാരം, അതോറിറ്റി നിശ്ചയിച്ച സ്ഥലങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ മലിനജലം ഒഴുക്കുന്നത് നിയമവിരുദ്ധമാണ്.

ഇത്തരം ലംഘനങ്ങൾക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളും 100,000 ദിർഹം വരെ പിഴയും ലഭിക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. പൊതുശുചിത്വവുമായി ബന്ധപ്പെട്ട ലംഘനങ്ങളും പിഴകളും നിർവചിക്കുന്ന 2015 ലെ റെസല്യൂഷൻ നമ്പർ 14 പ്രകാരമാണ് നടപടി. പൊതുശുചിത്വവും പരിസ്ഥിതി സുരക്ഷയും ഉറപ്പാക്കുന്നതിനായി വിവിധ തരത്തിലുള്ള മാലിന്യ നിർമാർജ്ജന നിയമ ലംഘനങ്ങൾക്ക് കർശന പിഴകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

പൊതുസ്ഥലങ്ങളിലും ഒഴിഞ്ഞ ഭൂമികളിലും മാലിന്യം തള്ളുക, അല്ലെങ്കിൽ അധികൃതർ അനുവദിക്കാത്ത സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുക, സാധാരണ മാലിന്യങ്ങളോ ജൈവ മാലിന്യങ്ങളോ കടലിലും ബീച്ചുകളിലും കായലുകളിലും തുറമുഖങ്ങളിലും തള്ളുക എന്നീ കുറ്റങ്ങൾക്ക് 1,000 ദിർഹം വരെയാണ് പിഴയീടാക്കുന്നത്. ഉപയോഗിച്ച എണ്ണ മലിനജല സംവിധാനങ്ങളിലേക്കോ റോഡുകളിലേക്കോ അധികൃതർ അനുവദിക്കാത്ത സ്ഥലങ്ങളിലേക്കോ ഒഴുക്കുക, കടലിലേക്കോ ബീച്ചുകളിലേക്കോ കായലുകളിലേക്കോ തുറമുഖങ്ങളിലേക്കോ എണ്ണ ഒഴുക്കുക, അല്ലെങ്കിൽ എണ്ണ ചോർച്ച തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 3,000 ദിർഹം വരെയുമാണ് പിഴയീടാക്കുന്നത്. അപകടകരമായ മാലിന്യങ്ങളോ മറ്റ് മാലിന്യങ്ങളോ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ തള്ളുകയോ, നിർമാണ-പൊളിക്കൽ മാലിന്യങ്ങളും വ്യാവസായിക മാലിന്യങ്ങളും അംഗീകൃത കേന്ദ്രങ്ങൾക്കു പുറത്തു നിക്ഷേപിക്കുകയോ ചെയ്താൽ 5,000 ദിർഹം വരെയാണ് പിഴ വരുന്നത്. കെട്ടിടങ്ങളിൽ നിന്നോ ടാങ്കർ വാഹനങ്ങളിൽ നിന്നോ മലിനജലം പൊതുറോഡുകളിലേക്ക് ചോർന്നൊഴുകുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കുന്നതിന് 10,000 ദിർഹമാണ് പിഴ. റെഡി-മിക്സ് കോൺക്രീറ്റ് വാഹനങ്ങളിൽ നിന്ന് ഖരമോ ദ്രാവകമോ ആയ വസ്തുക്കൾ പൊതുറോഡുകളിൽ വീഴുകയോ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ തള്ളുകയോ ചെയ്താൽ 50,000 ദിർഹമാണ് പിഴ വരുന്നത്.

മലിനജലവും മറ്റ് മാലിന്യങ്ങളും അനധികൃതമായി തള്ളുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlight: Dubai Municipality has warned that unauthorized wastewater disposal can result in fines of up to AED 100,000 and vehicle impoundment under public hygiene regulations

To advertise here,contact us