യുഎയില്‍ ഇനി ചില ബസ് റൂട്ടുകളില്‍ ഡിജിറ്റല്‍ പെയ്മെന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു, പണം സ്വീകരിക്കുകയില്ല. യുഎഇയില്‍ അജ്മാനിലെ ചില ബസ് സര്‍വീസുകളില്‍ സെപ്റ്റംബര്‍ 17 മുതല്‍ പണം നല്കി ടിക്കറ്റ് നല്‍കാനുള്ള സൗകര്യം അവസാനിപ്പിക്കുമെന്ന് അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഷാര്‍ജ, ദുബായ്, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലേക്കുള്ള ബസ് റൂട്ടുകളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
ഇനി മുതല്‍ മസാര്‍ മണി കാര്‍ഡും ബാങ്ക് കാര്‍ഡുകളും ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ മാത്രമേ ഈ റൂട്ടുകളില്‍ സ്വീകരിക്കൂകയുള്ളൂ എന്നും പണമായി ടിക്കറ്റ് വാങ്ങാന്‍ സാധിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. അജ്മാനിലെ പൊതുഗതാഗത സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക കാര്‍ഡാണ് മസാര്‍ മണി. അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ എല്ലാ ശാഖകളില്‍ നിന്നും അംഗീകൃത വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് ഈ കാര്‍ഡ് സൗജന്യമായി ലഭിക്കും. എന്നാല്‍ ഉപയോഗിക്കുന്നതിന് മുമ്പ് കാര്‍ഡില്‍ തുക റീചാര്‍ജ് ചെയ്യേണ്ടതുണ്ട്. അതേസമയം സെപ്റ്റംബര്‍ 17 മുതല്‍ സ്പീഡ് വെഹിക്കിള്‍ ടെസ്റ്റിങ് ആന്‍ഡ് രജിസ്ട്രേഷന് സെന്ററിലും പണമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കുമെന്ന് അതോറിറ്റി അറിയിച്ചു. അവിടെയും ഇലക്ട്രോണിക് പേയ്മെന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു എന്നും അതോറിറ്റി വ്യക്തമാക്കി.
യുഎഇയില്‍ ഡിജിറ്റല്‍ പേയ്മെന്റുകളിലേക്കുള്ള മാറ്റം വേഗത്തിലാകുന്ന സാഹചര്യത്തിലാണ് അജ്മാന്റെ പുതിയ തീരുമാനം. മൊബൈല്‍ പേയ്മെന്റുകളും കാര്‍ഡ് ഇടപാടുകളും രാജ്യത്ത് ദൈനംദിന ചെലവിടലുകളുടെ പ്രധാന മാര്‍ഗമായി മാറിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടു പ്രകാരം യുഎഇ ഉപഭോക്താക്കളില്‍ 16 ശതമാനം പേര് മാത്രമാണ് ഇപ്പോഴും ദൈനംദിന ഇടപാടുകള്‍ക്ക് പണം ഉപയോഗിക്കുന്നതെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷം ഇത് 25 ശതമാനമായിരുന്നു. പ്രാദേശിക മാര്‍ക്കറ്റുകള്‍, ടാക്സി യാത്രകള്‍, ബില്‍ പേയ്മെന്റുകള്‍ തുടങ്ങിയ മേഖലകളിലും പണ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ടിപ്പുകള്‍ നല്‍കുന്നതിനാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ പേര് പണം ഉപയോഗിക്കുന്നത്. 58 ശതമാനം പേരും ടിപ്പുകള്‍ പണമായാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ 2026 ജൂണ്‍ മുതല്‍ ദുബായിലും പാര്‍ക്കിങ് മീറ്ററുകളിലെ പണ ഇടപാടുകള്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്ന നടപടി ആരംഭിച്ചിരുന്നു. യുഎഇയുടെ പണരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് വിവിധ എമിറേറ്റുകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നത്.
Content Highlight: Passengers on selected UAE bus routes will be required to use digital payment methods as cash payments will no longer be accepted