ദുബായിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും വലിയ സാമ്പത്തിക ആശ്വാസമായി ഫ്ലെക്സി റെന്റ് പദ്ധതി നിലവിൽ വന്നു. ഇനിമുതൽ ദുബായിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് വാടക തുക ഒറ്റയടിക്കോ ഒന്നോ രണ്ടോ വലിയ ചെക്കുകളായോ നൽകേണ്ടതില്ല. പകരം പ്രതിമാസ തവണകളായി തുക അടയ്ക്കാം. ഇതോടെ വലിയ തുകയുടെ ബാങ്ക് വായ്പകളെയോ ക്രെഡിറ്റ് കാർഡുകളെയോ ആശ്രയിക്കാതെ തന്നെ താമസം തുടരാൻ വാടകക്കാർക്ക് സാധിക്കും.
വർഷങ്ങളായി ദുബായിൽ വാടക കരാറുകൾ പുതുക്കുമ്പോഴും പുതിയ വീടെടുക്കുമ്പോഴും തുക ഒന്നിച്ചോ രണ്ട് മുതൽ നാല് വരെയുള്ള ചെക്കുകളായോ നൽകേണ്ടി വന്നിരുന്നു. ഇത് മൂലം വലിയൊരു തുക മുൻകൂറായി കണ്ടെത്താൻ പലരും പേഴ്സണൽ ലോണുകളോ ക്രെഡിറ്റ് കാർഡുകളോ എടുക്കുകയും അതിന് വലിയ തുക പലിശ നൽകേണ്ടിയും വന്നിരുന്നു. എന്നാൽ പുതിയ സംവിധാനത്തിലൂടെ വാടകക്കാർക്ക് അധിക പലിശയോ അധിക ചെലവോ ഇല്ലാതെ തന്നെ വാടക തുക പ്രതിമാസ തവണകളായി അടച്ചുതീർക്കാം.
ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിയൽ എസ്റ്റേറ്റ് കമ്പനികൾ വഴി വീടെടുക്കുന്നവർക്ക് മാസം തോറുമോ മൂന്ന് മാസത്തിലൊരിക്കലോ വാടക നൽകാനുള്ള സൗകര്യം പദ്ധതി ഉറപ്പുനൽകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഈ വരുന്ന സെപ്റ്റംബർ മുതൽ 'റെന്റ് നൗ, പേ ലേറ്റർ' (Rent Now, Pay Later) എന്ന പ്രത്യേക സേവനവും പ്രാബല്യത്തിൽ വരും. ദുബായിലെ പ്രമുഖ ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ സംവിധാനം വഴി ഒരു വർഷത്തെ വാടക 12 ഗഡുക്കളായി പൂർണ്ണമായും പലിശരഹിതമായി തിരിച്ചടക്കാം.
ദുബായിലെ സാമ്പത്തിക രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും കുടുംബങ്ങളുടെ പ്രതിമാസ ബജറ്റ് സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും ഈ നീക്കം സഹായിക്കുമെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. തുടക്കത്തിൽ വലിയ തുക അഡ്വാൻസായി നൽകാൻ സാധിക്കാത്തതുകൊണ്ട് ഉയർന്ന നിരക്കിലുള്ള ഷോർട്ട് ടേം റെന്റലുകളെ ആശ്രയിച്ചിരുന്നവർക്കും പുതിയ തീരുമാനം ഏറെ പ്രയോജനപ്പെടും.
ഈ പുതിയ സംവിധാനം വരുന്നതോടെ വാടക നിരക്കുകളിൽ വലിയ വർദ്ധനവോ കുറവോ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ വലിയ തുകയുടെ ചെക്കുകൾ ലഭിക്കാത്ത സാഹചര്യത്തിൽ, കൂടുതൽ വാടകക്കാരെ ആകർഷിക്കാനായി കെട്ടിട ഉടമകൾ മാസത്തവണ വ്യവസ്ഥകൾ ഒരുക്കാൻ നിർബന്ധിതരാകും. ഇത് ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വാടകക്കാർക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.
Content Highlights: Dubai has introduced 'Flexi Rent', a rental payment option that allows tenants to pay their rent monthly rather than making large advance payments, offering greater flexibility to residents.