ഹരിതസുന്ദരമായി അബുദാബി; നഗരത്തിലുടനീളം ഒരു കോടിയിലധികം ചെടികൾ നട്ടുപിടിപ്പിച്ചു, പുതിയ പാർക്കുകളും സജ്ജം

അബുദാബി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമാണ് അതിമനോഹരമായ പൂന്തോട്ടങ്ങൾ ഒരുക്കിയത്

അബുദാബി ന​ഗരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിച്ച് കഴിഞ്ഞ വർഷം ന​ഗരത്തിലുടനീളം 1.4 കോടിയിലധികം (14 ദശലക്ഷത്തിലധികം) സീസണൽ ചെടികളും പൂക്കളും നട്ടുപിടിപ്പിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി. ഇതിനോടൊപ്പം നഗരത്തിലുടനീളം നിരവധി പുതിയ പാർക്കുകളുടെ നിർമാണവും നിലവിലുള്ള പൊതു പാർക്കുകളുടെ നവീകരണവും മുൻസിപ്പാലിറ്റി വിജയകരമായി പൂർത്തിയാക്കി.

അബുദാബി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമാണ് അതിമനോഹരമായ പൂന്തോട്ടങ്ങൾ ഒരുക്കിയത്. നഗരത്തിന്റെ പാരമ്പര്യവും മനോഹാരിതയും വിളിച്ചോതുന്ന രീതിയിൽ തയാറാക്കിയ ഈ പൂന്തോട്ടങ്ങൾ താമസക്കാർക്കും സന്ദർശകർക്കും വേറിട്ട കാഴ്ചാനുഭവമാണ് നൽകുന്നത്. ഇതിനൊപ്പം അൽ ബഹിയ പാർക്ക് ഉൾപ്പെടെയുള്ള പ്രമുഖ പൊതു പാർക്കുകളിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കി. കുട്ടികളുടെ കളിസ്ഥലങ്ങൾ, പുതിയ ലൈറ്റിംഗ് സംവിധാനങ്ങൾ തുടങ്ങിയവയും പാർക്കുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

സാമൂഹിക പങ്കാളിത്ത അതോറിറ്റിയായ 'മആൻ' (Ma'an)-ന്റെ സാമ്പത്തിക സഹകരണത്തോടെ അൽ ഫലാഹ്, അൽ സംഹ, അൽ റഹ്ബ, അൽ ബഹിയ എന്നിവിടങ്ങളിൽ 'ഫരീജ് പാർക്കുകൾ' (Fareej Parks) എന്ന പേരിൽ നാല് പുതിയ അയൽപക്ക പാർക്കുകളും തുറന്നു നൽകി. മൾട്ടി പർപ്പസ് സ്‌പോർട്‌സ് കോർട്ടുകൾ, പാഡൽ കോർട്ടുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ഫിറ്റ്‌നസ് സൗകര്യങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവയടങ്ങിയ അത്യാധുനിക രീതിയിലാണ് ഈ പാർക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്.

അബുദാബി ന​ഗരവാസികൾ തമ്മിലുള്ള സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കാനും സജീവവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ നടപ്പിലാക്കിയതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും കായിക-വിനോദ ആവശ്യങ്ങൾ നിറവേറ്റാൻ ഇത്തരം വികസനങ്ങൾ സഹായിക്കും.

Content Highlights: Abu Dhabi has planted more than 10 million plants across the city and developed new parks as part of its efforts to expand green spaces, improve the urban environment and promote sustainability.

To advertise here,contact us