യുഎഇയിൽ പരിസ്ഥിതി രംഗത്ത് പുത്തന്‍ നവീകരണവുമായി അബുദാബി എന്‍വയോണ്‍മെന്റ് ഏജന്‍സി

എഐ, ഡിജിറ്റല്‍ സംവിധാനങ്ങള്‍, ഡാറ്റ അധിഷ്ഠിത പ്ലാനിംഗ് എന്നിവ ഉപയോഗിച്ച് പരിസ്ഥിതി വെല്ലുവിളികള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം

യുഎഇയിൽ പരിസ്ഥിതി രംഗത്ത് പുത്തൻ നവീകരണ പദ്ധതികളുമായി അബുദാബി എൻവയോൺമെൻ്റ് ഏജൻസി( ഇഎഡി). അബുദാബിയില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതകൂട്ടുന്നതിനും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി ഒമ്പത് പ്രധാന ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഇന്നൊവേഷന്‍ ചാര്‍ട്ടാണ് ഇഎഡി പ്രഖ്യാപിച്ചത്.

എഐ, ഡിജിറ്റല്‍ സംവിധാനങ്ങള്‍, ഡാറ്റ അധിഷ്ഠിത പ്ലാനിംഗ് എന്നിവ ഉപയോഗിച്ച് പരിസ്ഥിതി വെല്ലുവിളികള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇഎഡി വ്യക്തമാക്കി. സര്‍ക്കാരിനൊപ്പം പൊതുജനങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലെ സംരംഭകര്‍ എന്നിവരെ ഏകോപിപ്പിച്ച് ഹരിത പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇത് വഴിയൊരുക്കുമെന്നും ഇഎഡി പറഞ്ഞു. ഇഎഡിയുടെ ആഭ്യന്തര ഗവേഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ഇന്‍കുബേഷന്‍, ആക്‌സിലറേഷന്‍ പിന്തുണ നല്‍കാനും ഇഎഡി തീരുമാനിച്ചിട്ടുണ്ട്. പദ്ധതികളുടെ സുതാര്യമായ വിലയിരുത്തലും ആശയങ്ങള്‍ സമര്‍പ്പിക്കുന്നവരുടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും ഇതിലൂടെ ഉറപ്പാക്കുന്നു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകള്‍ വഴി ജനങ്ങളില്‍ നിന്ന് പുതിയ ആശയങ്ങള്‍ സ്വീകരിക്കുകയും പരിസ്ഥിതി നയരൂപീകരണത്തില്‍ പങ്കാളിയാക്കുകയും ചെയ്യും. ഇതിനായി അഞ്ച് പ്രധാന പങ്കാളിത്ത മാര്‍ഗങ്ങളാണ് ഇഎഡി മുന്നോട്ടുവെയ്ക്കുന്നത്. ഹരിത ആശയങ്ങളും ഡാറ്റയും പങ്കുവെയ്ക്കുക, പരിസ്ഥിതി ശില്‍പ്പശാലകളിലും ഹാക്കത്തോണുകളിലും (hackathons) പങ്കെടുക്കുക, പുതിയ സാങ്കേതിക വിദ്യകളുടെ ഫീല്‍ഡ് ടെസ്റ്റിംഗിന് പിന്തുണ നല്‍കുക, പരിസ്ഥിതി ബോധവല്‍ക്കരണം വ്യാപിപ്പിക്കുക എന്നിവയാണിവ. സാങ്കേതിക അധിഷ്ഠിത സിസ്ഥിര വികസന മാതൃകയായി അബുദാബിയെ മാറ്റിയെടുക്കാനുള്ള ദീര്‍ഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഇഎഡിയുടെ പുതിയ നീക്കം.

Content Highlight: The Environment Agency Abu Dhabi has introduced a new innovation initiative aimed at accelerating environmental sustainability and the use of advanced technologies

To advertise here,contact us