യുഎഇയില്‍ മദ്യപിച്ച് വാഹനം ഓടിച്ചയാള്‍ക്ക് തടവും പിഴയും ചുമത്തി അബുദാബി കോടതി

ഡ്രൈവറെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ഫോറന്‍സിക് എവിഡന്‍സ് ലബോറട്ടറിയില്‍ നടത്തിയ രക്തപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്

അബുദാബിയില്‍ മദ്യപിച്ച് വാഹനമോടിച്ച ആള്‍ക്ക് ആറ് മാസം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ച് അബുദാബി മിസ്ഡെമനര്‍ കോടതി. മദ്യപിച്ച് റോഡില്‍ ഗതാഗത ദിശയ്ക്ക് എതിരായി അപകടകരമായ രീതിയില്‍ വാഹനമോടിച്ചയാള്‍ക്കാണ് അബുദാബി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ഓടിച്ച വാഹനം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പൊതുജനങ്ങളുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവന് ഭീഷണിയാകുന്ന രീതിയില്‍ ഗുരുതര നിയമലംഘനം നടത്തിയതിനാണ് കര്‍ശന ശിക്ഷ സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി. മോണിറ്ററിങ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ നിരീക്ഷണ ക്യാമറകളിലാണ് വാഹനം ഗതാഗത ദിശയ്ക്ക് എതിരായി ഓടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. വിവരമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തുകയും വാഹനം തടഞ്ഞു നിര്‍ത്തുകയുമായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ഫോറന്‍സിക് എവിഡന്‍സ് ലബോറട്ടറിയില്‍ നടത്തിയ രക്തപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.

പൊലീസ് റിപ്പോര്‍ട്ട്, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍, ലബോറട്ടറി സാംപിള്‍ പരിശോധനാ ഫലം എന്നിവ കോടതിയില്‍ തെളിവായി ഹാജരാക്കുകയും വിചാരണ സമയത്ത് പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഫെഡറല്‍ ഓര്‍ഡിനന്‍സ് നിയമത്തിന്റേയും ശിക്ഷാ നിയമത്തിന്റെയും ലംഘനമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി വ്യക്തമാക്കി. റോഡ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത്തരത്തിലുള്ളവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlight: An Abu Dhabi court has issued a ruling under UAE traffic regulations, reinforcing the importance of road safety and legal compliance

To advertise here,contact us