ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദാബിയിൽ 'ദി ലസ്സി ഷോപ്പ്' ശാഖ അടപ്പിച്ചു

ഫുഡ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനകളിൽ സ്ഥാപനത്തിൽ ആവർത്തിച്ച് ഭക്ഷ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ തുടർച്ചയായി ലംഘിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തതിനെ തുടർന്ന് അബുദാബിയിലെ 'ദി ലസ്സി ഷോപ്പ്' ശാഖ അധികൃതർ അടപ്പിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.

ഫുഡ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനകളിൽ സ്ഥാപനത്തിൽ ആവർത്തിച്ച് ഭക്ഷ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു. പോരായ്മകൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടും ഫലപ്രദമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറാകാത്തതിനെ തുടർന്നാണ് ഉപഭോക്താക്കളുടെ ആരോഗ്യം മുൻനിർത്തി സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിച്ചത്.

അബുദാബി എമിറേറ്റിലെ ഭക്ഷ്യ നിയമവും അനുബന്ധ വ്യവസ്ഥകളും ലംഘിച്ചതിനാണ് നടപടി. എമിറേറ്റിലെ മുഴുവൻ ജനങ്ങൾക്കും സുരക്ഷിതവും ശുചിത്വപൂർണ്ണവുമായ ഭക്ഷണം ലഭ്യമാക്കാൻ ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.

ഭക്ഷ്യ സ്ഥാപനങ്ങളിൽ സുരക്ഷാ വീഴ്ചകളോ ഗുണനിലവാരമില്ലായ്മയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അബുദാബി സർക്കാരിനെ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Abu Dhabi authorities have closed a branch of The Lassi Shop for violating food safety standards, highlighting the importance of compliance with regulations.

To advertise here,contact us