ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വിപുലമായി പരിപാടികളോടെ ആഘോഷിച്ച് യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹം. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും സംഘടിപ്പിച്ച ചടങ്ങുകളിൽ നൂറുകണക്കിന് പ്രവാസികളാണ് പങ്കെടുത്തത്. അബുദാബി ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ ദേശീയ പതാക ഉയർത്തിയപ്പോൾ, ദുബായ് കോൺസുലേറ്റിൽ കോൺസൽ ജനറൽ ഡോക്ടർ അമാദി വിഷ്ണു വർധൻ റെഡ്ഡി പതാകയുയർത്തി ആദരവർപ്പിച്ചു.
പതാക ഉയർത്തലിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഇരുവരും വായിച്ചു. സാംസ്കാരിക-വാണിജ്യ രംഗത്തെ പ്രമുഖർ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, സാധാരണക്കാരായ തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആഘോഷങ്ങളിൽ പങ്കാളികളായി. ദുബായിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രവാസികൾ അവതരിപ്പിച്ച ലളിതവും മനോഹരവുമായ കലാപരിപാടികളും അരങ്ങേറി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വീരദേശാഭിമാനികളെ ഈ ചരിത്ര മുഹൂർത്തത്തിൽ സ്മരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ദുബായ് കോൺസൽ ജനറൽ ഡോ. വിഷ്ണു വർധൻ റെഡ്ഡി പറഞ്ഞു. ഭാരതത്തെ ഒരു 'വികസിത ഇന്ത്യ'യാക്കി മാറ്റുക എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരുടെയും ഒത്തൊരുമയും പിന്തുണയും അനിവാര്യമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
Content Highlights: Indian expatriates across the UAE marked India's 80th Independence Day with grand celebrations, proudly displaying the national Tricolour and participating in events highlighting patriotism and community spirit.