സ്മാർട്ടായി ദുബായ് അതിർത്തി; യാത്രാ വിപ്ലവത്തിന്റെ 'ദുബായ് മാതൃക' അന്താരാഷ്ട്ര വേദിയിൽ

സുരക്ഷാ ഭീഷണികൾ വേഗത്തിൽ തിരിച്ചറിയാനും അനാവശ്യ കാത്തിരിപ്പുകൾ ഒഴിവാക്കി യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനും ഇത് സഹായിക്കുന്നു.

അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനൊപ്പം യാത്രക്കാരുടെ സഞ്ചാരം കൂടുതൽ വേഗത്തിലും തടസ്സമില്ലാതെയും ഉറപ്പാക്കുന്ന ദുബായുടെ അത്യാധുനിക 'സ്മാർട്ട് അതിർത്തി മാനേജ്മെന്റ്' മാതൃക അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ഇന്തോനേഷ്യയിൽ നടന്ന രാജ്യാന്തര ഇമിഗ്രേഷൻ ഒഫീഷ്യൽസ് കോൺഫറൻസിലാണ് ജിഡിആർഎഫ്എ-ദുബായ് തങ്ങളുടെ വിജയകരമായ സംവിധാനം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. നിർമ്മിതബുദ്ധി (AI), ഡിജിറ്റൽ സാങ്കേതികവിദ്യകൾ, യാത്രാരേഖകളുടെ സ്മാർട്ട് പരിശോധന, റിസ്ക് മാനേജ്മെന്റ് എന്നിവ ഏകോപിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സുരക്ഷാ ഭീഷണികൾ വേഗത്തിൽ തിരിച്ചറിയാനും അനാവശ്യ കാത്തിരിപ്പുകൾ ഒഴിവാക്കി യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനും ഇത് സഹായിക്കുന്നു.

ബാലി പ്രോസസിന്റെ റീജിയണൽ സപ്പോർട്ട് ഓഫീസ് സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ ഉന്നത ഇമിഗ്രേഷൻ, സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തു. അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവ ചെറുക്കുന്നതിനായി 2002-ൽ ആരംഭിച്ച ബാലി പ്രോസസിൽ 45 അംഗരാജ്യങ്ങളും വിവിധ അന്താരാഷ്ട്ര സംഘടനകളും പങ്കാളികളാണ്. സമ്മേളനത്തിൽ ജിഡിആർഎഫ്എ ദുബായെ പ്രതിനിധീകരിച്ച് മേജർ ഹാഷിം അൽ ഹാഷിമി, ക്യാപ്റ്റൻ അബ്ദുള്ള അൽ കമാലി എന്നിവർ പങ്കെടുക്കുകയും സാങ്കേതികവിദ്യയുടെ ഉപയോഗം, വിവര കൈമാറ്റം എന്നിവയിൽ വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.

അതിർത്തി മാനേജ്മെന്റ് രംഗത്ത് യു.എ.ഇ കൈവരിച്ച വൻ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ബാലി പ്രോസസിലെ ഈ പങ്കാളിത്തമെന്ന് ജിഡിആർഎഫ്എ ദുബായ് എയർപോർട്ട്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖീത്തി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ദുബായിലെത്തുന്ന യാത്രക്കാർക്ക് ഏറ്റവും മികച്ചതും വേഗമേറിയതുമായ യാത്രാനുഭവം നൽകുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Dubai's smart border and travel initiatives are attracting international attention. The emirate's technology-driven approach aims to make passenger movement faster and more seamless while setting a model for future travel systems.

To advertise here,contact us