യുഎഇയിൽ വേനൽച്ചൂടിന്റെ അതികഠിന ഘട്ടം തുടരുന്നു. ഓഗസ്റ്റ് 14-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അൽ ദഫ്ര മേഖലയിലെ ബദ ദഫാസിൽ 50.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണിത്. കഠിനമായ വേനലിന് വിട നൽകിക്കൊണ്ട് ഓഗസ്റ്റ് 24-ഓടെ 'സുഹൈൽ' നക്ഷത്രം മാനത്ത് ഉദിച്ചുയരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾ.
വരുന്ന ദിവസങ്ങളിൽ താപനില കുറയാൻ തുടങ്ങുമെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തെർമോമീറ്ററിലെ താപനില കുറഞ്ഞാലും കനത്ത അസ്വസ്ഥതയും ചൂടും അനുഭവപ്പെടാമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ മുന്നറിയിപ്പ് നൽകുന്നു.
കനത്ത ചൂടിനെ പ്രതിരോധിക്കാൻ ജനങ്ങൾ പ്രത്യേക മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ഉച്ചവെയിലിൽ നേരിട്ട് ഇറങ്ങുന്നത് ഒഴിവാക്കുക, അയഞ്ഞതും ലളിതവുമായ വസ്ത്രങ്ങൾ ധരിക്കുക എന്നിവ പ്രധാനമാണ്. ഇതിനുപുറമേ, വാഹനം ഓടിക്കുന്നവർ ടയർ പ്രഷർ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും കഠിനമായ വ്യായാമങ്ങൾ പരമാവധി കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്.
വേനൽക്കാലത്ത് വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ വൻ പദ്ധതികളാണ് യുഎഇ സർക്കാർ നടപ്പിലാക്കുന്നത്. സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ പുറംജോലികൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഡെലിവറി റൈഡർമാർക്ക് ഈ സമയത്ത് വിശ്രമിക്കാൻ 12,000-ത്തിലധികം എസി വിശ്രമകേന്ദ്രങ്ങളാണ് രാജ്യത്തുടനീളം ഒരുക്കിയിട്ടുള്ളത്. കൂടാതെ 'അൽ ഫ്രീജ് ഫ്രിഡ്ജ്' കാമ്പെയ്നിലൂടെ 20 ലക്ഷത്തോളം തണുത്ത വെള്ളവും ജ്യൂസുകളും തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നു. തൊഴിലിടങ്ങളിൽ സൗജന്യ ആരോഗ്യ പരിശോധനകളും തണുപ്പ് നൽകുന്ന പ്രത്യേക ഹെൽത്ത് കിറ്റുകളും വിതരണം ചെയ്ത് പ്രവാസികൾക്ക് ആശ്വാസമേകുകയാണ് ഭരണകൂടം.
Content Highlights: The UAE continues to experience extreme summer heat, with temperatures reaching 50.4°C. Authorities have issued precautionary guidance urging residents to take necessary measures amid the intense weather conditions.