അബുദാബിയിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ആരോഗ്യകരമായ ഭക്ഷണം നിർബന്ധമാക്കിക്കൊണ്ട് പുതിയ നിയമം നിലവിൽ വന്നു. 2026 ഒക്ടോബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. ഹോട്ടൽ മെനുകളിൽ കുറഞ്ഞത് ഒരു വിഭവമെങ്കിലും ആരോഗ്യകരമായ ഓപ്ഷനായി നൽകണമെന്നാണ് ടൂറിസം ആൻഡ് കൾച്ചർ വകുപ്പ് പുറത്തിറക്കിയ സർക്കുലറിലെ പ്രധാന നിർദ്ദേശം.
അബുദാബിയിലെ താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം ആൻഡ് കൾച്ചർ വകുപ്പിന്റെ പുതിയ നീക്കം. ടൂറിസം ലൈസൻസുള്ള എല്ലാ ഹോട്ടലുകളിലെയും F&B ഔട്ട്ലെറ്റുകൾക്കും നിയമം ബാധകമാണ്. മുതിർന്നവരുടെ മെനുവിലെ അപ്പെറ്റിസറുകൾ, സൈഡ് വിഭവങ്ങൾ, മെയിൻ കോഴ്സ്, മധുരപലഹാരങ്ങൾ എന്നിവയിൽ കുറഞ്ഞത് ഒരു ആരോഗ്യകരമായ വിഭവമെങ്കിലും ഉൾപ്പെടുത്തണം.
കുട്ടികളുടെ മെനുവിലും മാറ്റങ്ങൾ നിർബന്ധമാണ്. നൽകുന്ന ആകെ വിഭവങ്ങളുടെ പകുതിയെങ്കിലും ആരോഗ്യകരമായ ഓപ്ഷനുകളായിരിക്കണം. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ (SEHHI) മാനദണ്ഡങ്ങൾ പാലിക്കുന്ന പോഷക സമ്പുഷ്ടമായ വിഭവങ്ങളാണ് ഇതിനായി ഉൾപ്പെടുത്തേണ്ടത്. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞ വിഭവങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ SEHHI ലോഗോയും പതിക്കണം.
എന്നാൽ ബുഫെകൾ, ടെസ്റ്റിംഗ് മെനുകൾ, ഐസ്ക്രീം/ഹോട്ട്ഡോഗ് തുടങ്ങിയ കുറഞ്ഞ ഐറ്റങ്ങൾ മാത്രം വിൽക്കുന്ന 'നിച്ച്' ഔട്ട്ലെറ്റുകൾ എന്നിവയെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങളിൽ ആരോഗ്യകരമായ ഭക്ഷണരീതി വളർത്താൻ വിപുലമായ പദ്ധതികളാണ് അബുദാബി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 2027 ജനുവരി 1 മുതൽ സൂപ്പർമാർക്കറ്റുകളുടെ പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും ജങ്ക് ഫുഡുകൾ പ്രദർശിപ്പിക്കുന്നത് നിരോധിക്കും. കൂടാതെ സ്കൂൾ ലഞ്ച് ബോക്സുകളിൽ ഉയർന്ന കൊഴുപ്പും പഞ്ചസാരയുമടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാനും പൊതുയിടങ്ങളിലെ ജങ്ക് ഫുഡ് പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Abu Dhabi has introduced new rules making healthy food options mandatory in hotels and restaurants. The initiative aims to improve food standards and encourage healthier choices among consumers.