ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ; മുൻകൂട്ടി ബുക്ക് ചെയ്യേണ്ട 11 ഏജൻസികൾ പ്രഖ്യാപിച്ച് അധികൃതർ

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്ന സഞ്ചാരികൾക്കാണ് ആനുകൂല്യം ലഭിക്കുക

ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി അബുദാബി ടൂറിസം വകുപ്പ് ഒരുക്കുന്ന സൗജന്യ വിസ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്ന ട്രാവൽ ഏജൻസികളുടെ പട്ടിക പ്രഖ്യാപിച്ചു. 30 ദിവസം വരെ നീളുന്ന സൗജന്യ യുഎഇ ടൂറിസ്റ്റ് വിസ ലഭ്യമാക്കാൻ ഇന്ത്യൻ സഞ്ചാരികൾ അബുദാബി വിനോദ സഞ്ചാര വകുപ്പ് അം​ഗീകരിച്ച 11 ഏജൻസികൾ വഴിയാണ് ടൂർ പാക്കേജുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്.

മേക്മൈട്രിപ്പ് (MakeMyTrip), ഹോളിഡേ ട്രൈബ് (Holiday Tribe), തോമസ് കുക്ക് ആൻഡ് എസ്ഒടിസി (Thomas Cook & SOTC), ത്രില്ലോഫിലിയ (Thrillophilia), അക്ബർ ഹോളിഡേയ്സ് (Akbar Holidays), കേസരി ടൂർസ് (Kesari Tours), റിയ ട്രാവൽസ് (Riya Travels), പിക്ക് യുവർ ട്രെയിൽ (PickYourTrail), ആര്യൻ ലെയ്സർ (Aaryan Leisure), റോയൽ ടൂർസ് (Royal Tours), ഉത്താസോ.കോം (Utazzo.com) എന്നിവയാണ് ട്രാവൽ ഏജൻസികൾ.

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്ന സഞ്ചാരികൾക്കാണ് ആനുകൂല്യം ലഭിക്കുക. കുറഞ്ഞത് മൂന്ന് രാത്രികൾ നീളുന്ന യാത്രയാണെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സൗജന്യ യുഎഇ എൻട്രി വിസ ലഭിക്കും. അബുദാബി വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ച പുതിയ ടൂറിസം പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.

2026 ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് പദ്ധതിയുടെ കാലാവധി. ആദ്യ ഘട്ടത്തിൽ ഏകദേശം 20,000 സൗജന്യ വിസകളാണ് നൽകുന്നത്. അംഗീകൃത യാത്രാ ഏജൻസികൾ വഴിയോ ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ യാത്ര ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. യോഗ്യരായ യാത്രക്കാരുടെ എൻട്രി വിസ തുക എസിടി അബുദാബി പൂർണ്ണമായും വഹിക്കും.

അബുദാബിയിലെ ഏതെങ്കിലും ഹോട്ടലിൽ കുറഞ്ഞത് തുടർച്ചയായി മൂന്ന് രാത്രികൾ തങ്ങാൻ ഇവർ ബുക്ക് ചെയ്തിരിക്കണം. കൂടാതെ, പദ്ധതിയിൽ പങ്കാളികളായ ട്രാവൽ ഏജൻസി വഴിയായിരിക്കണം ബുക്കിങ് നടത്തേണ്ടത്. തിരിച്ചുള്ള വിമാന ടിക്കറ്റും കൈവശം ഉണ്ടായിരിക്കണം.

പങ്കാളികളായ ട്രാവൽ ഏജൻസികൾക്ക് രണ്ട് രീതിയിൽ ഇതിനായി അപേക്ഷിക്കാം. അബുദാബി വിനോദസഞ്ചാര വകുപ്പ് ചുമതലപ്പെടുത്തിയ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനി വഴി നേരിട്ട് അപേക്ഷിച്ചാൽ വിസ തുക വകുപ്പ് തന്നെ നേരിട്ട് അടയ്ക്കും. അതല്ലെങ്കിൽ, ഏജൻസികൾക്ക് നിലവിലുള്ള കമ്പനികൾ വഴി അപേക്ഷിച്ച് വിസ തുകയായ 285 ദിർഹം അബുദാബി വിനോദസഞ്ചാര വകുപ്പിൽ നിന്ന് തിരിച്ച് വാങ്ങാനും സാധിക്കും.

അബുദാബിയിലേക്ക് കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളും വിനോദസഞ്ചാര ബന്ധങ്ങളും കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഈ പൈലറ്റ് പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അബുദാബിയിലെ കലാ-സാംസ്കാരിക കാഴ്ചകളും വിനോദകേന്ദ്രങ്ങളും കൂടുതൽ തടസ്സങ്ങളില്ലാതെ കണ്ടറിയാൻ ഈ നീക്കം ഏറെ സഹായകരമാകും.

Content Highlights: The UAE has announced a free visa facility for Indian travelers, along with 11 authorized agencies through which eligible tourists must make advance bookings. The move is expected to simplify travel arrangements for Indian visitors to the UAE.

To advertise here,contact us