രാജ്യത്തെ വിവിധ മേഖലകള്‍ക്ക് നേരെ സൈബര്‍ ഭീഷണി; തടഞ്ഞ് യുഎഇ

സൈബര്‍ ഭീഷണികൾ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

രാജ്യത്തെ വ്യോമയാന, ഊര്‍ജ, ഉന്നത വിദ്യാഭ്യാസ മേഖലകളെ ലക്ഷ്യമിട്ടുണ്ടായ വിപുലമായ സൈബര്‍ ആക്രമണ ശ്രമങ്ങള്‍ വിജയകരമായി പ്രതിരോധിച്ച് യുഎഇ ദേശീയ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. ഡിജിറ്റല്‍ സുരക്ഷാ സംവിധാനങ്ങളുടെ സമയബന്ധിതമായ ഇടപെടല്‍ മൂലം പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കോ വിവരങ്ങള്‍ക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ദേശീയ സൈബര്‍ സുരക്ഷാ കൗണ്‍സിലിൻ്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിഭാഗങ്ങള്‍ ആക്രമണ ശ്രമങ്ങള്‍ തത്സമയം കണ്ടെത്തുകയും പ്രതിരോധ ശൃംഖല ഉടനടി സജ്ജമാക്കുകയുമായിരുന്നു. വ്യോമയാന ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍, ഊര്‍ജ വിതരണ ശൃംഖലകള്‍, സര്‍വകലാശാലാ ഡാറ്റാ ബേസുകള്‍ എന്നിവയിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാനുള്ള ശ്രമങ്ങളാണ് പരാജയപ്പടുത്തിയത്.

അത്യാധുനിക സാങ്കേതികവിദ്യയും എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് യുഎഇ ഡിജിറ്റല്‍ പ്രതിരോധം ഉറപ്പാക്കുന്നത്. ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബന്ധപ്പെട്ട നെറ്റ്‌വര്‍ക്കുകള്‍ സുരക്ഷിതമാക്കുകയും ആക്രമണങ്ങളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. എല്ലാ മേഖലകളിലേയും പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.

സൈബര്‍ ഭീഷികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഡിജിറ്റല്‍ സംവിധാനങ്ങളുടെ പാസ്‌വേഡുകളും സുരക്ഷാ കോഡുകളും ശക്തമാക്കാനും സോഫ്റ്റ്‌വെയറുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും അധികൃതര്‍ നിര്‍ദേശിച്ചു. അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് ആക്രമണങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയുമാണ്.

Content Highlight: UAE authorities successfully blocked cyber threats that targeted various sectors across the country

To advertise here,contact us