ഉത്സവ-വിവാഹ സീസണുകൾ വരുന്നു; വരും മാസങ്ങളിൽ യുഎഇയിൽ സ്വർണവിപണി ഉണരുമെന്ന് വിദ​ഗ്ധർ

വർഷാവസാനത്തോടെ യുഎഇയിലേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതും വിപണിക്ക് വലിയ കരുത്താകും

വരും മാസങ്ങളിൽ യുഎഇയിലെ സ്വർണവിപണിയിൽ വൻ മുന്നേറ്റത്തിന് സാധ്യതയെന്ന് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. തുടർച്ചയായി എത്തുന്ന വിവാഹ സീസണും ദീപാവലി, ക്രിസ്മസ്, പുതുവർഷം തുടങ്ങിയ ആഘോഷങ്ങളും വർഷാവസാന വിനോദസഞ്ചാരവും സ്വർണാഭരണ വിൽപ്പന ഗണ്യമായി ഉയർത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വിപണി വീണ്ടും സജീവമാകുന്നതോടെ പ്രവാസി കുടുംബങ്ങളടക്കം വലിയതോതിൽ സ്വർണം വാങ്ങാനെത്തുമെന്നാണ് കരുതപ്പെടുന്നത്.

വർഷാവസാനത്തോടെ യുഎഇയിലേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതും വിപണിക്ക് വലിയ കരുത്താകും. പ്രത്യേകിച്ചും ദുബായിലെ സ്വർണവിപണി, ആഗോളതലത്തിൽ തന്നെ താങ്ങാനാവുന്ന വിലയും വൈവിധ്യമാർന്ന ഡിസൈനുകളും ആകർഷകമായ ഓഫറുകളും കൊണ്ട് അന്താരാഷ്ട്ര ഉപഭോക്താക്കളെ എപ്പോഴും ആകർഷിക്കാറുണ്ട്. വിവാഹ ആവശ്യങ്ങൾക്കായി മുൻകൂട്ടി ആഭരണങ്ങൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിലും ഇപ്പോൾ വലിയ വർദ്ധനവുണ്ട്.

സ്വർണവില റെക്കോർഡ് ഉയരങ്ങളിൽ തുടരുമ്പോഴും വിവാഹ-ഉത്സവ ആവശ്യങ്ങൾക്കുള്ള വാങ്ങലുകളെ അത് കാര്യമായി ബാധിച്ചിട്ടില്ല. എക്സ്ചേഞ്ച് ഓഫറുകൾ, പ്രത്യേക ഡിസ്കൗണ്ടുകൾ, ഫ്ലെക്സിബിൾ പേയ്മെന്റ് പദ്ധതികൾ എന്നിവയൊരുക്കി ഉപഭോക്താക്കളെ സ്വാഗതം ചെയ്യാൻ പ്രമുഖ ജ്വല്ലറികളെല്ലാം രംഗത്തിറങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് 10-ലെ കണക്കനുസരിച്ച് ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 523 ദിർഹവും 22 കാരറ്റിന് 484.50 ദിർഹവുമായിരുന്നു വില.

ആഗോള വിപണിയിലും സ്വർണവില ഉയർന്ന നിലയിലാണ് തുടരുന്നത്; ഒരു ട്രോയ് ഔൺസിന് 4,342 ഡോളറിലാണ് വ്യാപാരം അവസാനിച്ചത്. ഉയർന്ന വില നിലനിൽക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ വാങ്ങൽ ശേഷിയെയും താൽപ്പര്യത്തെയും അത് പൂർണ്ണമായി തളർത്തിയിട്ടില്ലെന്നാണ് വിപണിയിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആഘോഷങ്ങളും ടൂറിസവും ഒരുമിച്ചെത്തുന്ന വരും മാസങ്ങൾ യുഎഇ സ്വർണവിപണിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Content Highlights: Experts anticipate increased activity in the UAE gold market in the coming months, driven by the upcoming festival and wedding seasons. Seasonal demand is expected to support gold purchases across the UAE.

To advertise here,contact us