യുഎഇയിലെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ബിസിനസുകൾക്കും വൻ ആശ്വാസം; നികുതി ഇളവുമായി ധനകാര്യ മന്ത്രാലയം

വാർഷിക വരുമാനം 30 ലക്ഷം ദിർഹത്തിൽ കവിയാത്ത സംരംഭകർക്കാണ് ഈ നികുതി ഇളവിന്റെ ആനുകൂല്യം ലഭിക്കുക

യുഎഇയിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ആശ്വാസമേകുന്ന നിർണായക തീരുമാനവുമായി ധനകാര്യ മന്ത്രാലയം. കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് ചെറുകിട സംരംഭങ്ങൾക്ക് നൽകി വരുന്ന ഇളവുകളുടെ കാലാവധി 2029 ഡിസംബർ 31 വരെ നീട്ടിയതായി മന്ത്രാലയം അറിയിച്ചു.

വാർഷിക വരുമാനം 30 ലക്ഷം ദിർഹത്തിൽ കവിയാത്ത സംരംഭകർക്കാണ് ഈ നികുതി ഇളവിന്റെ ആനുകൂല്യം ലഭിക്കുക. ലളിതമായ കോർപ്പറേറ്റ് ടാക്സ് മാനദണ്ഡങ്ങളും നികുതി ഒഴിവാക്കലുകളും അടങ്ങുന്നതാണ് ഈ ഇളവുകൾ. 2023 ജൂൺ ഒന്ന് മുതൽ ആരംഭിക്കുന്ന ടാക്സ് പീരിയഡുകൾക്ക് പ്രാബല്യത്തിലുണ്ടായിരുന്ന ഇളവുകളാണ് ഇപ്പോൾ 2029 ഡിസംബർ 31 വരെ നീട്ടി നൽകിയിരിക്കുന്നത്.

ചെറുകിട സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കാനും വ്യാപാരികൾക്ക് ബിസിനസ് വളർത്താനുള്ള മികച്ച അന്തരീക്ഷം ഒരുക്കാനുമാണ് ഈ തീരുമാനത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ നിക്ഷേപ സൗഹൃദ രാജ്യങ്ങളിലൊന്നായി യുഎഇയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ഇത് സഹായിക്കും.

സുസ്ഥിരമായ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിലവാരമുള്ള നികുതി വ്യവസ്ഥ ഉറപ്പാക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. പ്രവാസി മലയാളികളടക്കമുള്ള ആയിരക്കണക്കിന് ചെറുകിട സംരംഭകർക്കും സ്റ്റാർട്ടപ്പ് ഉടമകൾക്കും ഈ തീരുമാനം വലിയ തണലാകും.

Content Highlights: The UAE Ministry of Finance has introduced tax relief for startups and small businesses. The measure is expected to reduce financial pressure on emerging enterprises and support the growth of the country's business sector.

To advertise here,contact us