ഉഭയകക്ഷി സഹകരണം വിപുലീകരിക്കാൻ ധാരണ; റഷ്യൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇടപെടലുകളെക്കുറിച്ച് ഇരു രാജ്യങ്ങളും സംസാരിച്ചു

യുഎഇ-റഷ്യ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനും ധാരണ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ വെല്ലുവിളികളും ചർച്ചയിൽ പ്രധാന വിഷയമായി.

വ്യാപാരം, സാമ്പത്തികം, ഊർജ്ജം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധത ഫോൺ സംഭാഷണത്തിൽ ഇരു നേതാക്കളും ആവർത്തിച്ചു. ആഗോളതലത്തിൽ വളർന്നുവരുന്ന സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിനും നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുന്നതിനും ഇത്തരം ഉന്നതതല ചർച്ചകൾ അത്യാവശ്യമാണെന്ന് നേതാക്കൾ വിലയിരുത്തി.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇടപെടലുകളെക്കുറിച്ച് ഇരു രാജ്യങ്ങളും സംസാരിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ശൈഖ് മുഹമ്മദും പുടിനും അടിവരയിട്ടു.

മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുസ്ഥിരമായ ഭാവി മുന്നിൽക്കണ്ട് സുരക്ഷയും സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള തുടർ ശ്രമങ്ങൾക്ക് ഇരു നേതാക്കളും പിന്തുണ പ്രഖ്യാപിച്ചു. പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണങ്ങളും സഹകരണവുമാണ് അനിവാര്യമെന്നും മേഖലയിൽ സമാധാനം പുലരുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും ചർച്ചയിൽ ധാരണയായി.

Content Highlights: The UAE President spoke by phone with the Russian President, with both sides agreeing to strengthen and expand bilateral cooperation. The discussion also focused on strengthening ties between the two countries.

To advertise here,contact us