കാൽനടയാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ ലക്ഷ്യമിട്ട് നിർണായക പദ്ധതികളുമായി അബുദാബി ഭരണകൂടം. താമസമേഖലകളിൽ നിന്നുള്ള ഹ്രസ്വദൂര യാത്രകളെ പൂർണമായും കാൽനട സൗഹൃദമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയതും വികസിച്ചുവരുന്നതുമായ പാർപ്പിട മേഖലകളുടെ ആസൂത്രണ ഘട്ടത്തിൽ തന്നെ കാൽനടയാത്രയ്ക്കുള്ള പ്രത്യേക സംവിധാനങ്ങൾ ഉൾപ്പെടുത്തും.
വെറും നടപ്പാതകൾ നിർമിക്കുന്നതിനപ്പുറം താമസക്കാർക്ക് ദൈനംദിന ആവശ്യങ്ങൾക്കായി നടന്നുതന്നെ എളുപ്പത്തിൽ എത്താൻ കഴിയുന്ന രീതിയിലാണ് നഗരം രൂപകൽപന ചെയ്യുന്നത്. വീടുകൾ, പാർക്കുകൾ, പൊതുസൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് യാത്ര തടസ്സമില്ലാത്തതാക്കും. കാൽനടയാത്രക്കാർക്ക് ആശ്വാസമേകാൻ ആവശ്യത്തിന് തണൽ, മികച്ച തെരുവ് വിളക്കുകൾ, സുരക്ഷിതമായ റോഡ് ക്രോസിങ്ങുകൾ എന്നിവയ്ക്കും പ്രത്യേക പ്രാധാന്യം നൽകും.
നിലവിൽ തന്നെ 120 കിലോമീറ്ററിലധികം നീളമുള്ള കാൽനടപ്പാതകളും മികച്ച ലൈറ്റിങ് സംവിധാനങ്ങളും അബുദാബിയിലുണ്ട്. 2026-ന്റെ ആദ്യ പകുതിയിൽ മാത്രം 66 പുതിയ പാർക്കുകൾ തുറന്നതോടെ അബുദാബിയിലെ ആകെ പാർക്കുകളുടെ എണ്ണം 279 ആയി ഉയർന്നു. 2025-ലെ 'ക്വാളിറ്റി ഓഫ് ലൈഫ്' സർവേ പ്രകാരം അബുദാബിയിലെ 93.6 ശതമാനം നിവാസികളും രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് പൂർണമായും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. പുതിയ പദ്ധതികൾ കൂടി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും കാൽനട സൗഹൃദവും സുരക്ഷിതവുമായ നഗരമായി അബുദാബി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Abu Dhabi is bringing new changes to urban planning with a focus on pedestrian-friendly infrastructure, safer streets and improved walkability.