യുഎഇയിൽ അവശ്യസാധനങ്ങളുടെ വില നിരീക്ഷണം ശക്തമാക്കുന്നു; കർശന നടപടികളുമായി അധികൃതർ

വിപണിയിലെ മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാനും വിലക്കയറ്റം ഉണ്ടായാൽ അതിവേഗം ഇടപെടാനും ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്ന് അധികൃതർ

യുഎഇയിൽ അവശ്യസാധനങ്ങളുടെ വില നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ അധികൃതർ. ഇതിന്റെ ഭാഗമായി വിപണിയിലെ വിലവിവരങ്ങൾ ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൂടുതൽ ഉത്പ്പന്നങ്ങളും പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഉൾപ്പെടുത്തും. യുഎഇ സാമ്പത്തിക, വിനോദസഞ്ചാര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.

മന്ത്രാലയം പുറത്തിറക്കിയ 'എസൻഷ്യൽ ഗൂഡ്‌സ് പ്രൈസസ് പ്ലാറ്റ്‌ഫോം' (Essential Goods Prices Platform) വഴി അരി, ഗോതമ്പ്, പാചക എണ്ണ, പാൽ ഉത്പ്പന്നങ്ങൾ, പഞ്ചസാര, മുട്ട, ബ്രെഡ്, കോഴിയിറച്ചി തുടങ്ങിയ അത്യന്താപേക്ഷിത സാധനങ്ങളുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ വിലകൾ തത്സമയം ഒത്തുനോക്കാൻ സാധിക്കും. നിലവിൽ 13 പ്രമുഖ റീട്ടെയിൽ ശൃംഖലകളിലെ 525 ഔട്ട്‌ലെറ്റുകളിൽ നിന്നുള്ള 8,343-ലധികം ഉത്പ്പന്നങ്ങളുടെ വിലവിവരങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.

പ്ലാറ്റ്‌ഫോം ആരംഭിച്ചത് മുതൽ ജൂലൈ വരെയുള്ള കണക്കനുസരിച്ച് 1,43,720-ലധികം ആളുകളാണ് വിലനിലവാരം അറിയാനായി സന്ദർശനം നടത്തിയത്. പ്രതിദിനം ശരാശരി 1,451 പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. വിപണിയിലെ കൃത്യമായ വിവരങ്ങളും സൂചകങ്ങളും ശേഖരിക്കുന്നതിലൂടെ, പരമ്പരാഗതമായ പരിശോധനകൾക്ക് പുറമെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യമായ വിലനിരീക്ഷണത്തിനും വിപണിയിലെ കൃത്രിമങ്ങൾ തടയാനും മന്ത്രാലയത്തിന് സാധിക്കുന്നു.

യുഎഇ വിപണിയിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ലഭ്യമാണെന്നും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സാഫിയ അൽ സാഫി വ്യക്തമാക്കി. വിപണിയിലെ മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാനും വിലക്കയറ്റം ഉണ്ടായാൽ അതിവേഗം ഇടപെടാനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്നും അവർ വ്യക്തമാക്കി.

Content Highlights: UAE authorities are strengthening monitoring of essential commodity prices and taking strict action against violations. The move aims to protect consumers and maintain stability in the market.

To advertise here,contact us