അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തിലെ അവസാന ആഴ്ചയിലെ ഇ-നറുക്കെടുപ്പിൽ ഭാഗ്യം സ്വന്തമാക്കി രണ്ട് മലയാളികൾ. ഓരോ വിജയികൾക്കും 25,000 ദിർഹം (ഏകദേശം ആറര ലക്ഷം രൂപ) വീതം സമ്മാനമായി ലഭിക്കും. രണ്ട് മലയാളികളെ കൂടാതെ ഒരു വിശാഖപട്ടണം സ്വദേശിയും ഒരു പലസ്തീൻ സ്വദേശിയും ബിഗ് ടിക്കറ്റ് വിജയം സ്വന്തമാക്കി.
കഴിഞ്ഞ 14 വർഷമായി ഷാർജയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ഷിജോ ടോമിയാണ് വിജയിയായ ആദ്യ മലയാളി. കൂട്ടുകാർക്കൊപ്പം കഴിഞ്ഞ നാല് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നയാളാണ് ഷിജോ. ലഭിച്ച സമ്മാനത്തുകയിലെ തൻ്റെ വിഹിതം നാട്ടിലെ കടങ്ങൾ വീട്ടാൻ ഉപയോഗിക്കുമെന്ന് ഷിജോ പ്രതികരിച്ചു.
ഖത്തറിൽ ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന മറ്റാരു മലയാളിയായ അൽസാഫി താജുദ്ദീനും കൂട്ടുകാർക്കൊപ്പം എടുത്ത ടിക്കറ്റിലാണ് സമ്മാനം തേടിയെത്തിയത്. കടങ്ങൾ തീർക്കാൻ ഈ തുക സഹായകരമാകുമെന്ന് അൽസാഫി പറഞ്ഞു.
വിശാഖപട്ടണം സ്വദേശിയും അബുദാബിയിൽ എഞ്ചിനീയറുമായ ഉദയ് സുങ്കരയാണ് സമ്മാനം നേടിയ മൂന്നാമത്തെ ഇന്ത്യൻ പ്രവാസി. മകളുടെ ജനനത്തീയതി വെച്ച് എടുത്ത ടിക്കറ്റിലൂടെയാണ് ഉദയിന് സമ്മാനം ലഭിച്ചത്. സമ്മാനത്തുക കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി. സൗദി അറേബ്യയിൽ ഇലക്ട്രിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന പലസ്തീൻ സ്വദേശി അബ്ദുള്ള അബൂഫയാദ് ആണ് നാലാമത്തെ വിജയി. സമ്മാനത്തുകയുടെ ഒരു വിഹിതം വീണ്ടും ബിഗ് ടിക്കറ്റുകൾ വാങ്ങാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Malayalis have secured another major win in the Big Ticket draw. The winners said the prize money would primarily be used to clear outstanding debts, bringing financial relief to their families.