യുഎഇയിൽ ഉൾപ്പെടെ ഇന്ത്യൻ പാസ്‌പോർട്ട് സേവന നിരക്ക് വർദ്ധന; കേന്ദ്ര സർക്കാരിൽ പ്രതീക്ഷയോടെ പ്രവാസികൾ

ജൂലൈ ഒന്നിനാണ് പാസ്‌പോർട്ട് ഭേദഗതി ചട്ടങ്ങൾ പ്രകാരം പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.

പാസ്‌പോർട്ട് സേവന നിരക്ക് കുത്തനെ കൂട്ടിയ നടപടി പുനഃപരിശോധിക്കാൻ ദില്ലി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശത്തിൽ പ്രതീക്ഷയർപ്പിച്ച് യുഎയിലെ ഇന്ത്യൻ പ്രവാസികൾ. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഫീസ് വർദ്ധനവ് പുനഃപരിശോധിച്ച് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാനാണ് കോടതി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഈ സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിരക്കുകളിൽ ഇളവ് ലഭിക്കുമെന്നാണ് പ്രവാസി സമൂഹത്തിൻ്റെ പ്രതീക്ഷ.

ജൂലൈ ഒന്നിനാണ് പാസ്‌പോർട്ട് ഭേദഗതി ചട്ടങ്ങൾ പ്രകാരം പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. എന്നാൽ നിരക്കുകളിലുണ്ടായ ഭീമമായ വർദ്ധനവ് ഗൾഫ് മേഖലയിലെ സാധാരണക്കാരായ പ്രവാസികൾക്കും ബ്ലൂ കോളർ തൊഴിലാളികൾക്കും താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവാസി ലീഗൽ സെൽ കേരള ഘടകം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നിവേദനമായി പരിഗണിച്ച് പരാതികൾ പരിശോധിക്കാനും മൂന്നാഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കാനും കഴിഞ്ഞ മാസം 22-ന് കോടതി കേന്ദ്രത്തോടാവശ്യപ്പെട്ടു.

യുഎഇയിൽ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നിരക്ക് മുമ്പുണ്ടായിരുന്ന 280 ദിർഹമിൽ നിന്ന് ഏകദേശം 450 ദിർഹമായി. അതായത് ഏകദേശം 11,650 ഇന്ത്യൻ രൂപ പാസ്‌പോർട്ട് പുതുക്കാൻ നൽകണം. ഇതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. നിലവിൽ സേവന ഫീസും കമ്മ്യൂണിറ്റി ഫണ്ടും ഉൾപ്പെടെ ആകെ 477 ദിർഹം നൽകേണ്ടി വരുന്നുണ്ട്. മാസം 800 മുതൽ 1,000 ദിർഹം വരെ മാത്രം വേതനം ലഭിക്കുന്ന നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഈ തുക കണ്ടെത്തുവാൻ വലിയ പ്രയാസമാണെന്ന് പിഎൽസി ഭാരവാഹികൾ വ്യക്തമാക്കി.

അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച് 45 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിൽ കഴിയുന്നത്. തൊഴിൽ നഷ്ടവും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന പ്രവാസികൾക്ക് കേന്ദ്രത്തിന്റെ പുനഃപരിശോധന വലിയൊരു ആശ്വാസമാകുമെന്നാണ് കരുതുന്നത്. എന്നാൽ കോടതി നിർദ്ദേശത്തിന് ശേഷവും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് പിഎൽസിയുടെ തീരുമാനം.

Content Highlights: Expatriates are looking forward to the central government's decision following the sharp hike in passport fees. The increase has raised concerns among Indians living abroad, who are seeking relief from the revised charges.

To advertise here,contact us