ദുബായ് ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിലെ അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായിലെ പ്രമുഖ വാണിജ്യ സ്ഥാപനമായ 'ദി കാർ സൂപ്പർ സ്റ്റോറി'ൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു ഷിജി

ദുബായ് ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഷിജിൻ പോൾ (27) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഷിജിനെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദുബായിലെ പ്രമുഖ വാണിജ്യ സ്ഥാപനമായ 'ദി കാർ സൂപ്പർ സ്റ്റോറി'ൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു ഷിജിൻ. എട്ടു മാസം മുമ്പാണ് ജോലി ആവശ്യങ്ങൾക്കായി ഇദ്ദേഹം ദുബായിൽ എത്തിയത്. ഷിജിന്റെ വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രമാണ് പൂർത്തിയായത്. പാലക്കാട് സ്വദേശിനിയായ ശ്രുതി മോഹൻ ആണ് ഷിജിന്റെ ഭാര്യ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് ദുബായിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ പാചകവാതക (ഗ്യാസ്) സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അപകടവിവരം ലഭിച്ചയുടൻ തന്നെ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ സംഭവസ്ഥലത്തേക്ക് എത്തുകയും സമയോചിത ഇടപെടലിലൂടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സിവിൽ ഡിഫൻസിന്റെ വേഗത്തിലുള്ള പ്രവർത്തനം സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സഹായകമായി.

സ്ഫോടനത്തിന്റെ വലിയ ശബ്ദവും പ്രകമ്പനവും സമീപവാസികളെയും വ്യാപാരികളെയും ഏറെ നേരം പരിഭ്രാന്തിയിലാഴ്ത്തി. അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായവും വിദഗ്ദ്ധ പരിചരണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബായ് മീഡിയ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Content Highlights: A Malayali youth passed away in an accident at a car showroom on Dubai's Sheikh Zayed Road, leaving the expatriate community in shock.

To advertise here,contact us