കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന യുഎഇയിൽ ആശ്വാസമായി ശക്തമായ മഴ തുടരുന്നു. കിഴക്കൻ മേഖലയിൽ രൂപപ്പെട്ട ഉപരിതല ന്യൂനമർദ്ദത്തിന്റെ ഫലമായി വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഫുജൈറയിലെ മസാഫി ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയാണ് പെയ്തിറങ്ങിയത്.
കഴിഞ്ഞ ദിവസം അബുദാബിയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന് കൊടും ചൂട് നിലനിൽക്കുന്നതിനിടെയാണ് രാജ്യത്ത് അപ്രതീക്ഷിതമായി മഴയെത്തിയത്. ഉയർന്ന താപനിലയ്ക്കിടയിലും അന്തരീക്ഷത്തിൽ ശക്തമായ സംവഹന മേഘങ്ങൾ രൂപപ്പെടുന്നതും 'എൽ നിനോ' പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് വേനൽക്കാലത്തെ ഈ മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ, തെക്കൻ മേഖലകളിൽ ആരംഭിക്കുന്ന മഴ ചൊവ്വാഴ്ചയോടെ ചില ഉൾപ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാം. വാരാന്ത്യം വരെ രാജ്യത്ത് മഴ സാധ്യത നിലനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴയ്ക്കൊപ്പം ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അതേസമയം, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും അറിയിപ്പിലുണ്ട്.
Content Highlights: Rain showers brought relief to several parts of the UAE after a period of extreme heat. Authorities have issued cautionary instructions and urged residents to remain alert due to changing weather conditions.