യുഎഇയിൽ നികുതി നിബന്ധനകൾ പാലിക്കാത്ത 3.58 ദശലക്ഷത്തിലധികം എക്സൈസ് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. ഫെഡറൽ ടാക്സ് അതോറിറ്റിയും ദുബായ് പൊലീസും ചേർന്ന് 2026-ന്റെ ആദ്യ പകുതിയിൽ നടത്തിയ പരിശോധനകളിലാണ് ഇവ പിടിച്ചെടുത്തത്. നിയമലംഘനങ്ങൾ നടത്തിയവർക്കെതിരെ 82 ദശലക്ഷം ദിർഹത്തിലധികം പിഴയും നികുതി കുടിശ്ശികയും ചുമത്തിയിട്ടുണ്ട്.
നിയമവിരുദ്ധമായി വിപണിയിലെത്തിച്ച 35,87,315 എക്സൈസ് ഉത്പ്പന്നങ്ങളുടെ പാക്കറ്റുകളാണ് പരിശോധനകളിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ 59 വയലേഷൻ റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട് ആകെ 82 ദശലക്ഷത്തിലധികം ദിർഹം നികുതി കുടിശ്ശികയും പിഴയുമായി ഈടാക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
എഫ്ടിഎ ദുബായ് ആസ്ഥാനത്ത് നടന്ന സംയുക്ത യോഗത്തിൽ ആദ്യ പകുതിയിലെ ഈ നിർണ്ണായക പരിശോധനാ ഫലങ്ങൾ വിലയിരുത്തി. ഫെഡറൽ ടാക്സ് അതോറിറ്റി ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ബുസ്താനി, ടാക്സ് കംപ്ലയൻസ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ സാറ അൽ ഹബ്ഷി, ദുബായ് പൊലീസ് സ്പെഷ്യലൈസ്ഡ് ക്രൈംസ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഡോ. സൗദ് മുഹമ്മദ് അൽ ഖാലിദി എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
നികുതി ചോർച്ച തടയുന്നതിലും യുഎഇയുടെ സുതാര്യമായ ബിസിനസ്സ് അന്തരീക്ഷം സംരക്ഷിക്കുന്നതിലും ദുബായ് പൊലീസുമായുള്ള പങ്കാളിത്തം നിർണ്ണായകമാണെന്ന് അബ്ദുൽ അസീസ് അൽ ബുസ്താനി വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഇത്തരം നിയമലംഘനങ്ങൾ അതിവേഗം കണ്ടെത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ 'രഖീബ്' പ്ലാറ്റ്ഫോമിലൂടെ നികുതി വെട്ടിപ്പുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സംരക്ഷണവും വിപണിയിലെ കൃത്യമായ നികുതി പാലനവും ഉറപ്പാക്കാൻ സംയുക്ത പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അതോറിറ്റി അറിയിച്ചു.
Content Highlights: UAE authorities have seized over 35 lakh excise products after detecting violations of tax regulations. The action was taken as part of efforts to ensure compliance with excise tax laws and prevent illegal trade practices.