വേനൽച്ചൂടിന് ആശ്വാസമേകാൻ യുഎഇ; കൃത്രിമമഴ പെയ്യിക്കാൻ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളുമായി അധികൃതർ

പുതിയ മേഘങ്ങൾ ഉണ്ടാക്കുന്നതിന് പകരമായി നിലവിലുള്ള മേഘങ്ങളിൽ നിന്നുള്ള മഴയുടെ അളവ് വർദ്ധിപ്പിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്

യുഎഇയിൽ വേനൽച്ചൂട് കടുക്കുന്നതിനിടെ കൃത്രിമമഴ പെയ്യിക്കുന്നതിനുള്ള ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളുമായി അധികൃതർ. 2026-ന്റെ തുടക്കം മുതൽ ഇതുവരെ 110 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളാണ് രാജ്യം വിജയകരമായി പൂർത്തിയാക്കിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനത്തിന് പിന്നാലെയാണ് വിപുലമായ പ്രവർത്തനങ്ങളുടെ വിവരങ്ങൾ കേന്ദ്രം പുറത്തുവിട്ടത്.

അനുയോജ്യമായ മേഘരൂപീകരണങ്ങൾ ഉണ്ടാകുമ്പോഴെല്ലാം വർഷം മുഴുവൻ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്താറുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. ശൈത്യകാലത്ത് രാജ്യത്തുടനീളം വലിയ രീതിയിൽ മേഘാവൃതമായ അന്തരീക്ഷം ഉണ്ടാകാറുണ്ട്. എന്നാൽ വേനൽക്കാലത്ത് കിഴക്കൻ, തെക്കൻ മേഖലകളിലെ ഉയർന്ന ചൂടും പർവ്വതനിരകളും കാരണമാണ് മഴ നൽകാൻ ശേഷിയുള്ള മേഘങ്ങൾ രൂപപ്പെടുന്നത്.

പുതിയ മേഘങ്ങൾ ഉണ്ടാക്കുന്നതിന് പകരമായി നിലവിലുള്ള മേഘങ്ങളിൽ നിന്നുള്ള മഴയുടെ അളവ് വർദ്ധിപ്പിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വിമാനങ്ങൾ ഉപയോഗിച്ച് അനുയോജ്യമായ മേഘങ്ങളിലേക്ക് പ്രകൃതിദത്ത ഉപ്പുകളുടെ സൂക്ഷ്മ കണികകൾ നിക്ഷേപിക്കുന്നു. ഇത് ജലത്തുള്ളികളെ വലിയ തുള്ളികളാക്കി മാറ്റി മഴയായി പെയ്യിക്കാൻ സഹായിക്കും.

ന്യൂനമർദ്ദം കാരണം വരും ദിവസങ്ങളിൽ യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴ പെയ്തേക്കുമെന്നാണ് പ്രവചനം. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്.

Content Highlights: To tackle extreme summer temperatures, UAE authorities are continuing cloud seeding missions aimed at increasing rainfall. The weather modification programme is part of the country's efforts to manage water resources and provide relief from heat conditions.

To advertise here,contact us