ദുബായ് ജുമൈറ ലേക്സ് ടവേഴ്സ് (ജെഎൽടി) മേഖലയിലെ നിവാസികൾക്കും ഓഫീസുകളിലെ ജീവനക്കാർക്കും ഒരുപോലെ ആശ്വാസമേകി 'ജെഎൽടി ലിങ്ക്' പൂർണമായും പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചു. മുമ്പുണ്ടായിരുന്ന ബസ് സർവീസുകൾക്ക് പകരമായി എത്തിയിരിക്കുന്ന ഈ സംവിധാനം പ്രദേശത്തെ ഗതാഗതസൗകര്യം കൂടുതൽ എളുപ്പമുള്ളതാക്കും.
ജെഎൽടിയിലെ എ മുതൽ സെഡ് വരെയുള്ള വിവിധ ക്ലസ്റ്ററുകളെയും അപ്ടൗൺ ദുബായിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ സർവീസ്. പ്രദേശത്തുനിന്നും ഡിഎംസിസി, ശോഭാ റിയൽറ്റി മെട്രോ സ്റ്റേഷനുകളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ ഇതോടെ സാധിക്കും. കൊടുംചൂടിൽ നീണ്ട ദൂരം നടക്കുന്നത് ഒഴിവാക്കാനും ഹ്രസ്വദൂര യാത്രകൾക്ക് ടാക്സികളെയോ സ്വന്തം വാഹനങ്ങളെയോ ആശ്രയിക്കാതെ മെട്രോയിലേക്ക് മാറാനും ഈ ഇലക്ട്രിക് ബസുകൾ സഹായിക്കും.
എ മുതൽ സെഡ് വരെയുള്ള മുഴുവൻ ക്ലസ്റ്ററുകളെയും ബന്ധിപ്പിച്ചുകൊണ്ട് രണ്ട് പ്രധാന റൂട്ടുകളിലാണ് ബസുകൾ സർവീസ് നടത്തുക. ജെഎൽടിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡിഎംസിസി മെട്രോ സ്റ്റേഷൻ, ശോഭാ റിയൽറ്റി മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് സഹായിക്കും. കൊടുംചൂടിൽ നീണ്ട ദൂരം നടക്കുന്നതും ഹ്രസ്വ ദൂര യാത്രകൾക്ക് സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നതും ഒഴിവാക്കി മെട്രോ സ്റ്റേഷനുകളിലേക്ക് സുഗമമായി യാത്ര ചെയ്യാൻ പുതിയ സംവിധാനം വഴിയൊരുക്കും.
ഓരോ യാത്രയ്ക്കും മൂന്ന് ദിർഹം മാത്രമാണ് നിരക്ക്. മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യേണ്ടതില്ല. ബസ് സ്റ്റോപ്പുകളിൽ നൽകിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ 'ജെഎൽടി ലിങ്ക്' മൊബൈൽ ആപ്പ് വഴിയോ പണമടച്ച് യാത്ര ചെയ്യാം. ആപ്പിലൂടെ ലൈവ് യാത്രാസമയവും ബസ് റൂട്ടുകളും പരിശോധിക്കാനും കഴിയും.
ആകെ 18 സ്റ്റോപ്പുകളാണ് ഈ സർവീസിനുള്ളത്. ഇതിൽ എ മുതൽ എൻ വരെയുള്ള ക്ലസ്റ്ററുകൾ ഉൾപ്പെടുന്ന ഒന്നാം ലൂപ്പ് പടിഞ്ഞാറൻ ജെഎൽടിയെ ഡിഎംസിസി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. ഒ മുതൽ സെഡ് വരെയുള്ള ക്ലസ്റ്ററുകൾ അടങ്ങുന്ന രണ്ടാം ലൂപ്പ് കിഴക്കൻ ജെഎൽടിയെ ശോഭാ റിയൽറ്റി മെട്രോ സ്റ്റേഷനുമായും കോർത്തിണക്കുന്നു. ഓരോ 20 മിനിറ്റിലും 30 മിനിറ്റിലും ബസുകൾ ലഭ്യമാകും.
തിങ്കൾ മുതൽ ശനി വരെ പുലർച്ചെ 6.30 മുതൽ അർദ്ധരാത്രി വരെയും ഞായറാഴ്ചകളിൽ രാവിലെ 9.30 മുതൽ രാത്രി വൈകുന്നതുവരെയുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്കും വീൽചെയർ ഉപയോഗിക്കുന്നവർക്കും സുഗമമായി കയറാനും ഇറങ്ങാനുമുള്ള ലോ-ഫ്ലോർ സംവിധാനവും ബസുകളിലുണ്ട്.
Content Highlights: The JLT Link electric bus service has begun operations in Dubai, offering commuters an affordable and eco-friendly connection to metro stations. Passengers can access the service for a fare of 3 dirhams, improving last-mile connectivity.