അബുദാബിയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും. അബുദാബി രജിസ്ട്രേഷന് അതോറിറ്റി, അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ഹെല്‍ത്തി ലിവിങ് വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യവകുപ്പ് തുടങ്ങിയവ ചേര്‍ന്നാണ് പുതിയ നയം നടപ്പാക്കുന്നത്. 2027 ജനുവരി ഒന്നുമുതലാണ് നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുന്നത്. ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്ലാറ്റ്ഫോമുകള്‍ക്കും ഈ നിയമം ബാധകമാണ്. ജങ്ക് ഫുഡ്, പാനീയങ്ങള്‍ തുടങ്ങിയവയുടെ പരസ്യങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്രവേശന കവാടങ്ങള്‍, ചെക്ക് ഔട്ട് കൗണ്ടറുകള്‍, എന്‍ഡ് ഓഫ് ദി സെയില്‍ ഡിസ്പ്ലേകള്‍ എന്നിവയില്‍ നിന്ന് മാറ്റേണ്ടി വരും.
ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സ്ഥലങ്ങളില്‍ നിന്ന് ആരോഗ്യത്തിന് ദോഷകരമായ വസ്തുക്കളുടെ പരസ്യങ്ങള്‍ ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുന്ന വിധം പ്രദര്‍ശിപ്പിച്ച് ഇവ വിറ്റഴിക്കുന്നത് ഒഴിവാക്കാനാണ് നടപടി. ഉയര്‍ന്നതോതില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര തുടങ്ങിയവ അടങ്ങിയ ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണ, പാനീയ ഉല്‍പ്പന്നങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 4000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ അവരുടെ കാഷ് കൗണ്ടറിന് അടുത്തോ, പ്രവേശന കൗണ്ടറിലോ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കരുത്.
ഔണ്‍ലൈന്‍ പേജുകളില്‍ പോപ് പരസ്യമായോ, ഹോംപേജിലോ, ചെക്ക് ഔട്ട് പേജിലോ ഇത്തരം ഭക്ഷ്യോത്പന്നങ്ങള്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ആബുദാബി പൊതുജനാരോഗ്യ കേന്ദ്രം ആരോഗ്യത്തിന് ഹാനികരമെന്ന് കണക്കാക്കുന്ന ഭക്ഷ്യവസ്തുക്കളും ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കരുത്. കൂടാതെ കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലം കുറയ്ക്കാന്‍ സ്കൂള്‍ കാന്റീനുകളിലും മറ്റ് അനുബന്ധ സ്ഥലങ്ങളിലും ജങ്ക് ഫുഡുകള്‍ നിരോധിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlight: UAE will prohibit advertisements for unhealthy food products in supermarkets from January 1 as part of efforts to promote healthier consumer choices