ലോകത്തിലെ ഏറ്റവും സ്മാർട്ടായ രണ്ടാമത്തെ നഗരമെന്ന നേട്ടം സ്വന്തമാക്കി ദുബായ്. ന്യൂയോർക്ക്, വാഷിംഗ്ടൺ, ആംസ്റ്റർഡാം തുടങ്ങിയ മുൻനിര ആഗോള നഗരങ്ങളെ പിന്നിലാക്കിയാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്. പട്ടികയിൽ ലണ്ടൻ മാത്രമാണ് ദുബായിക്ക് മുന്നിലുള്ളത്. ലോകത്തിലെ ഏറ്റവും ഉയർന്ന സാങ്കേതിക മികവുള്ള നഗരങ്ങളെ കണ്ടെത്തുന്ന പഠനത്തിലാണ് ദുബായുടെ ചരിത്രനേട്ടം.
ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ 'ഇന്റലിജന്റ് സിറ്റീസ് ഇൻഡക്സ്' (Intelligent Cities Index) റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ബുദ്ധിശാലിയായ രണ്ടാമത്തെ നഗരമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് നിവാസികളുടെയും ബിസിനസുകളുടെയും ജീവിതനിലവാരം ഉയർത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യ, ഭരണം എന്നിവ എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിലയിരുത്തിയാണ് ഇൻഡക്സ് തയ്യാറാക്കിയത്. ലോകത്തിലെ പ്രധാന 61 നഗരങ്ങൾ പഠനത്തിന്റെ ഭാഗമായി.
അതേസമയം, യുഎഇയുടെ തലസ്ഥാനമായ അബുദാബി ആഗോളതലത്തിൽ 20-ാം റാങ്ക് നേടി 'ആക്സിലറേറ്റിംഗ്' ഗ്രൂപ്പിൽ ഇടംപിടിച്ചു. മികച്ച സാങ്കേതികവിദ്യ, ഇൻഫ്രാസ്ട്രക്ചർ, ഫണ്ടിംഗ്, കഴിവും തൊഴിൽശേഷിയുമുള്ള മനുഷ്യവിഭവശേഷി എന്നിവ കണക്കിലെടുത്ത് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ അബുദാബി ലോകത്തിലെ ആദ്യ 10 നഗരങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡിജിറ്റൽ ഭരണസംവിധാനങ്ങളും നഗരജീവിതത്തിന്റെ ഭാഗമാക്കുന്നതിൽ യുഎഇ കൈവരിച്ച വൻ മുന്നേറ്റമാണ് ഈ നേട്ടം വ്യക്തമാക്കുന്നതെന്ന് ബിസിജി സ്മാർട്ട് സിറ്റീസ് വിഭാഗം ഗ്ലോബൽ ലീഡ് ഡോ. അക്രം അവ്വാദ് പറഞ്ഞു. സ്മാർട്ട് ആപ്ലിക്കേഷനുകൾ, എഐ പ്ലാറ്റ്ഫോമുകൾ, പൊതുജനങ്ങളുടെ പൂർണ്ണ പിന്തുണ എന്നിവയാണ് യുഎഇയിലെ നഗരങ്ങളെ ഈ നേട്ടത്തിലേക്ക് നയിച്ചത്.
Content Highlights: Dubai has secured the second position in the global Smart City rankings, reinforcing its reputation as a leader in digital transformation, innovation, and sustainable urban development. The achievement highlights the emirate's continued investment in smart technologies and citizen-focused services.