കൈകളിൽ വെറും രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്. വിശന്ന് കരയുന്ന കുഞ്ഞിന് ഒരു തുള്ളി മുലപ്പാൽ പോലും നൽകാനാകാതെ നിസ്സഹായയായി നിൽക്കുന്ന അമ്മ. തലചായ്ക്കാൻ ഒരിടമില്ല, നാളെ എന്താകുമെന്നറിയാത്ത അനിശ്ചിതത്വം. സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നുണ്ടെങ്കിലും കൈയിൽ യാത്രാരേഖകളില്ല. തന്റെ മുന്നിലുള്ള എല്ലാ വാതിലുകളും അടഞ്ഞുവെന്ന് കരുതിയ ആ നിമിഷത്തിലാണ് കെനിയക്കാരിയായ റൂത്ത് വൈതേരയുടെ ജീവിതത്തിലേക്ക് ദുബായ് സർക്കാരിന്റെ കരുതലിന്റെ കൈത്താങ്ങ് എത്തിയത്. മാനുഷികതയുടെ ഉജ്ജ്വല മാതൃകയായി മാറിയ ആ അനുഭവമാണ് അൽ അവീറിലെ സെന്റർ ഫോർ ഹാർബറിംഗ് നിന്ന് പുറത്തുവരുന്നത്.
2024-ലാണ് മികച്ചൊരു ജോലി സ്വപ്നം കണ്ട് സന്ദർശക വിസയിൽ റൂത്ത് ദുബായിലെത്തിയത്. എന്നാൽ രേഖകളിലെ പ്രശ്നങ്ങളും പാസ്പോർട്ട് സംബന്ധമായ തടസ്സങ്ങളും കാരണം പ്രതീക്ഷിച്ച ജോലി ലഭിച്ചില്ല. ദിവസങ്ങൾ കടന്നുപോയതോടെ കൈവശമുണ്ടായിരുന്ന സമ്പാദ്യമെല്ലാം തീർന്നു. ഇതിനിടെ ഗർഭിണിയായ റൂത്ത് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ജീവിതം കൂടുതൽ ദുരിതത്തിലായി. താമസിക്കാൻ ഇടമില്ലാതെ കുഞ്ഞിനെയും ചേർത്തുപിടിച്ച് നിസ്സഹായയായി കഴിയേണ്ട അവസ്ഥയിലേക്കാണ് അവൾ എത്തിയത്. ആ പ്രതിസന്ധിക്കിടെയാണ് ഒരു സുഹൃത്ത് മുഖേന അൽ അവീറിലെ ജി ഡി ആർ എഫ് എ ദുബായിയുടെ സെന്റർ ഫോർ ഹാർബറിംഗ് സംബന്ധിച്ച് റൂത്ത് അറിയുന്നത്. അവസാന പ്രതീക്ഷയെന്ന നിലയിൽ കുഞ്ഞിനെയും കൂട്ടി അവൾ അവിടെയെത്തി.
ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും കുറ്റപ്പെടുത്തലും നേരിടേണ്ടിവരുമെന്ന ഭയമായിരുന്നു മനസ്സിൽ. എന്നാൽ അവളെ കാത്തിരുന്നത് കരുണയും കരുതലുമായിരുന്നു. റൂത്തിനെ സ്വീകരിച്ച വനിതാ ഉദ്യോഗസ്ഥ അവളെ ആശ്വസിപ്പിച്ച ശേഷം ജീവിതകഥ മുഴുവൻ ക്ഷമയോടെ കേട്ടു. തുടർന്ന്, 'വിഷമിക്കേണ്ട… നിങ്ങളെയും കുഞ്ഞിനെയും സുരക്ഷിതമായി സ്വന്തം നാട്ടിലെത്തിക്കാൻ ഞങ്ങൾ ഒപ്പമുണ്ട്' എന്ന വാക്കുകൾ റൂത്തിന്റെ തകർന്ന മനസ്സിൽ പുതിയ പ്രതീക്ഷയുടെ വെളിച്ചം പകർന്നു. തുടർന്നുള്ള ദിവസങ്ങളിൽ റൂത്തിനും കുഞ്ഞിനും സുരക്ഷിതമായ താമസസൗകര്യം ഒരുക്കി. സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കറും നൽകി. കുഞ്ഞിന്റെ ആരോഗ്യനില മോശമായപ്പോൾ മെഡിക്കൽ ക്ലിനിക്കിൽ എത്തിച്ച് ആവശ്യമായ ചികിത്സയും മരുന്നും ഉറപ്പാക്കി.
'എന്റെ കുഞ്ഞിനെ അവർ സ്വന്തം കുഞ്ഞിനെപ്പോലെയാണ് പരിചരിച്ചത്. ഞങ്ങൾക്ക് വേണ്ടതെല്ലാം ഒരുക്കിത്തന്നു. ഒരിക്കൽപ്പോലും ഞാൻ അവിടെ ഒറ്റപ്പെട്ടതായി തോന്നിയില്ല', റൂത്ത് നന്ദിയോടെ പറയുന്നു. ഇതിനിടെ ഉദ്യോഗസ്ഥർ കെനിയൻ എംബസിയുമായി ഏകോപനം നടത്തി യാത്രാരേഖകൾ തയ്യാറാക്കി. ഒടുവിൽ ജൂലൈ 31-ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും റൂത്തിന്റെ കൈകളിലെത്തി. 'കൂടുതൽ കരുത്തോടെ ജീവിതത്തിലേക്ക് മടങ്ങുക… ഇതൊരു പുതിയ തുടക്കമാകട്ടെ' എന്ന ഉദ്യോഗസ്ഥരുടെ ആശംസ കേട്ടപ്പോൾ റൂത്തിന്റെ കണ്ണുകൾ നിറഞ്ഞത് സങ്കടം കൊണ്ടല്ല, ആശ്വാസവും നന്ദിയും കൊണ്ടായിരുന്നു. തന്നെയും കുഞ്ഞിനെയും ചേർത്തുപിടിച്ച ദുബായ് സർക്കാരിന്റെ മാനുഷിക മുഖം ഒരിക്കലും മറക്കാനാകില്ലെന്ന് അവൾ വികാരഭരിതയായി പറഞ്ഞു. നാട്ടിലേക്ക് മടങ്ങും മുമ്പ്, പ്രവാസ സ്വപ്നവുമായി യുഎഇയിലേക്ക് എത്താൻ ആഗ്രഹിക്കുന്നവരോട് റൂത്തിന് പറയാനുള്ളത് ഒരു സന്ദേശം മാത്രമായിരുന്നു, 'ജോലി ഉറപ്പാക്കിയ ശേഷമേ യുഎഇയിലേക്ക് വരാവൂ. ഞാൻ അനുഭവിച്ച ഈ വേദന മറ്റാർക്കും ഉണ്ടാകരുത്.'
നിയമം നടപ്പാക്കുക മാത്രമല്ല ജീവിതത്തിൽ വീണുപോകുന്ന മനുഷ്യരെ കൈപിടിച്ചുയർത്താനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സെന്റർ ഫോർ ഹാർബറിംഗ് ഈ അനുഭവത്തിലൂടെ ഒരിക്കൽക്കൂടി തെളിയിക്കുകയാണ്. ദുബായ് വെറുമൊരു നഗരം മാത്രമല്ല, പ്രതിസന്ധിയിലായ മനുഷ്യരെ ചേർത്തുപിടിക്കാൻ അറിയുന്ന വലിയൊരു ഹൃദയം കൂടിയാണെന്ന സന്ദേശവും ഈ കഥ പങ്കുവയ്ക്കുന്നു. യുഎഇയിലെത്തുന്ന ഓരോ വ്യക്തിയെയും അതിഥികളായാണ് കാണുന്നതെന്നും അവരുടെ പ്രശ്നങ്ങൾക്ക് മാനുഷിക പരിഗണനയോടെയും പ്രായോഗിക സമീപനത്തോടെയും പരിഹാരം കണ്ടെത്തുകയാണ് അൽ അവീറിലെ സെന്ററിന്റെ ലക്ഷ്യമെന്നും ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾ നേരിടുന്നവരെ ശിക്ഷിക്കുകയല്ല, മറിച്ച് ആവശ്യമായ താമസം, ആരോഗ്യപരിചരണം, വ്യക്തിഗത പരിചരണം, തൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായം, യാത്രാ സൗകര്യം എന്നിവ ഉൾപ്പെടെയുള്ള സമഗ്ര പിന്തുണയാണ് കേന്ദ്രം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇത് ജയിലല്ല മനുഷ്യരെ മാന്യതയോടെയും കരുണയോടെയും പരിഗണിക്കുന്ന സേവന കേന്ദ്രമാണ്. യുഎഇ നേതൃത്വത്തിന്റെ മാനുഷിക മുഖമാണ് ഇവിടെ പ്രതിഫലിക്കുന്നത്', അദ്ദേഹം കൂട്ടിച്ചേർത്തു.
മാനുഷിക കേസുകൾക്ക് വേഗത്തിലും കാര്യക്ഷമമായും പരിഹാരം കണ്ടെത്താൻ രൂപകൽപ്പന ചെയ്ത സമഗ്ര സംവിധാനമാണ് ഈ കേന്ദ്രമെന്ന് നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ അപ്പ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു. ഒരാൾ കേന്ദ്രത്തിലെത്തുന്ന നിമിഷം മുതൽ രാജ്യം വിടുന്നതുവരെ ഓരോ കേസും പ്രത്യേക സംഘങ്ങൾ നിരീക്ഷിക്കുന്നു. ആരോഗ്യപരിചരണം, അടിസ്ഥാന ജീവിതസൗകര്യങ്ങൾ, നിയമനടപടികൾ, കോൺസുലേറ്റുകളുമായുള്ള ഏകോപനം, യാത്രാരേഖകൾ, വിമാന ടിക്കറ്റ്, ബോർഡിംഗ് പാസ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നതാണ് കേന്ദ്രത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Dubai's Al Aweer Center for Harboring has extended support to a mother with an infant, providing care and assistance during a difficult time