അറബ് ജനതയ്ക്ക് നിങ്ങൾ എന്നും ഹീറോകൾ; ഈജിപ്ത് ഫുട്ബോളിനെ പ്രശംസിച്ച് യുഎഇ പ്രധാനമന്ത്രി

ആസ്വാദ്യകരവും മനോഹരവുമായ ഒരു മത്സരം സമ്മാനിച്ചതിന് ഷെയ്ഖ് മുഹമ്മദ് താരങ്ങൾക്ക് നന്ദി അറിയിച്ചു

അറ്റ്‌ലാന്റയിൽ നടന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയോട് പൊരുതി വീണ ഈജിപ്ഷ്യൻ ഫുട്ബോൾ ടീമിനെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈജിപ്തിന്റേത് വീരോചിത പ്രകടനമായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അവസാന നിമിഷം വരെ പോരാടിയ ഈജിപ്ഷ്യൻ ടീം രാജ്യത്തിന്റെ യഥാർത്ഥ കരുത്താണ് മൈതാനത്ത് പ്രതിഫലിപ്പിച്ചതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ആസ്വാദ്യകരവും മനോഹരവുമായ ഒരു മത്സരം സമ്മാനിച്ചതിന് ഷെയ്ഖ് മുഹമ്മദ് താരങ്ങൾക്ക് നന്ദി അറിയിച്ചു. ഈജിപ്ത് താരങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത് രാജ്യത്തിന്റെ ഹീറോകളായിട്ടാണെന്നും എല്ലാ അറബ് ജനതയുടെയും കണ്ണുകളിൽ അവർ എന്നും മികച്ച പോരാളികളായി തുടരുമെന്നും കൂട്ടിച്ചേർത്തു.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമും ഈജിപ്ഷ്യൻ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തി. 2026-ലെ ഫിഫ ലോകകപ്പിൽ ഈജിപ്ത് കാഴ്ചവെച്ച മികച്ച പ്രകടനവും അവരുടെ സാന്നിധ്യവും എന്നും ഏറെ അഭിമാനത്തോടെയും ആദരവോടെയും മാത്രമേ ഓർക്കപ്പെടുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. വലിയ പോരാട്ടവീര്യവും നിശ്ചയദാർഢ്യവുമാണ് ടീം പുറത്തെടുത്തതെന്നും അത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച അറ്റ്‌ലാന്റയിൽ നടന്ന ആവേശകരമായ നോക്കൗട്ട് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഈജിപ്തിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ 2-0 ന് പിന്നിലായിരുന്ന അർജന്റീന, അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് അവിശ്വസനീയമായ വിജയം സ്വന്തമാക്കിയത്. തോറ്റെങ്കിലും നിലവിലെ ലോക ചാമ്പ്യന്മാരെ വിറപ്പിച്ച ശേഷമാണ് ഈജിപ്ത് ടൂർണമെന്റിൽ നിന്നും പടിയിറങ്ങിയത്.

Content Highlights:

To advertise here,contact us