പതിനാല് വയസുള്ള ഒരു കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് എന്ത് വലിപ്പമുണ്ടാകും? അത് ബുര്‍ജ് ഖലീഫയുടെ അത്രയുമുണ്ടാകുമെന്ന് തെളിയിക്കുകയാണ് ഒരു കുഞ്ഞു ഇന്ത്യന്‍ ബാലന് ജയ്നം ജയ്ന്‍. ബുര്‍ജ് ഖലീഫയില്‍ ഒരു എഐ സ്റ്റാര്‍ട് അപ് തുടങ്ങി ഇന്ത്യക്കാര്‍ക്ക് അഭിമാനമാകുകയാണ് ജയ്നം. മെംഗോ എഞ്ചിന് എന്ന കമ്പനിയാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 141ാം നിലയില്‍ ഈ ബാലന് തുടങ്ങിയിരിക്കുന്നത്.
ബിസിനസുമായി ബന്ധപ്പെട്ട് ഓട്ടോമേറ്റ് മാര്‍ക്കറ്റിങ്, കസ്റ്റംമര്‍ കമ്മ്യൂണിക്കേഷന്‍, സെയില്‍സ് സപ്പോര്‍ട്ട്, കണ്ടന്റ് ക്രിയേഷന് തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്ന, ബിസിനസുകാരെ സഹായിക്കുന്ന എഐ പ്ലാറ്റ്ഫോമാണ് ജയ്നം തുടങ്ങിയത്. മാര്‍ക്കറ്റിംഗ്, ലീഡ് മാനേജ്മെന്റ് മുതല്‍ വാര്‍ത്താക്കുറിപ്പുകള്‍, ഉപഭോക്തൃ ആശയവിനിമയം വരെയുള്ള ജോലികള്‍ ലളിതമാക്കാന്‍ ജയ്നത്തിന്റെ സ്റ്റാര്‍ട് അപ് മറ്റ് കമ്പനികളെ സഹായിക്കുന്നു. ദുബായിയില്‍ ഒരു എഐ സ്റ്റാര്‍ട് അപ് തുടങ്ങുന്ന ഏറ്റവും ചെറിയ സംരംഭകനായി ജയ്നം മാറുകയാണ്. ഇതിനകം തന്നെ ജയ്നം സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിട്ടുണ്ട്.
തന്റെ ആറാം വയസിലാണ് ജയ്നത്തിന് ബിസിനസുകാരനാകണമെന്ന ആഗ്രഹം തോന്നിയത്. ഒരിക്കല്‍ കുഞ്ഞു ജയ്ന്‍ തന്റെ പിതാവിനൊപ്പം ബിസിനസ് മീറ്റിങ്ങുകള്‍ക്ക് ഒപ്പം പോയത് മുതലാണ് ജയ്നത്തിന് ബിസിനസിനോട് ഒരു താല്പര്യം തോന്നിത്തുടങ്ങിയത്. തുടര്‍ന്ന് പഠനത്തോടൊപ്പം തന്നെ ബിസിനസ് പരിപാടികളിലും സംരംഭകരുടെ യോഗങ്ങളിലും ജയ്ന്‍ പങ്കെടുത്തു തുടങ്ങി.
13ാം വയസില്‍ ജയ്നം ഐജിസിഎസ്ഇ പത്താം ക്ലാസ് പഠനം 105 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കി. സ്റ്റാര്‍ട്അപ് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒപ്പം തന്നെ ജയ്നം ടെഡ് എക്സ് ടോക്കിലും പങ്കെടുത്തിരുന്നു. സ്റ്റാര്‍ട് അപ് മാത്രമല്ല, സ്വന്തമായി ഒരു പുസ്തകവും ജയ്നം എഴുതിയിട്ടുണ്ട്. നിലവില്‍ 1,45,000 സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലും ജയ്നിനുണ്ട്.
പത്താം വയസില്‍ 50 ദിവസം നീണ്ടുനില്‍ക്കുന്ന പേഴ്സണല്‍ ചലഞ്ചില്‍ ജയ്നം പങ്കെടുത്തിരുന്നു. ഈ ചലഞ്ചുകളില്‍ 50 പുസ്തകങ്ങള്‍ ജയ്നം വായിച്ചു തീര്‍ത്തു. 50 ബിസിനസ് പരിപാടികളില്‍ പങ്കെടുത്തു, ഇന്ത്യയില്‍ ഉടനീളം 6000 കിലോമീറ്റര്‍ സഞ്ചരിച്ച് സംരംഭകരെയും ബിസിനസിലെ വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ദരെയും സന്ദര്‍ശിച്ചു.
ഇത്രയും ചെറിയ പ്രായത്തില്‍ ഒരു സ്റ്റാര്‍ട് അപ് തുടങ്ങിയതിലൂടെ ജയ്നം തന്റെ സ്വപ്നങ്ങള്‍ക്ക് തടയിട്ടില്ല. മറിച്ച്, ലോകമെമ്പാടും ശ്രദ്ധിക്കുന്ന ഒരു കമ്പനി തുടങ്ങണമെന്നാണ് ജയ്നത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം. ഐഡിയകളിലും നിരന്തരമായ പരിശ്രമത്തിലും അച്ചടക്കത്തിലുമാണ് വിജയം ഇരിക്കുന്നതെന്നും അതില്‍ പ്രായം ഒരു ഘടകമല്ലെന്നുമാണ് ജയ്നത്തിന്റെ അഭിപ്രായം.
Content Highlights: Indian teenager Jainam Jain has become a social media sensation after unveiling his AI startup at the iconic Burj Khalifa in Dubai, earning praise for his innovation at a young age