Big Ticket: 'നാല് വര്‍ഷം ഭര്‍ത്താവിന്റെ പേരില്‍ ടിക്കറ്റെടുത്തു, ദൈവത്തിലും നിങ്ങളിലും വിശ്വസിക്കൂ'

ഡല്‍ഹിയില്‍ ഭര്‍ത്താവിനും അഞ്ച് വയസുള്ള മകള്‍ക്കും ഭര്‍ത്താവിന്റെ അമ്മയ്‌ക്കൊപ്പവുമാണ് കനികയുടെ താമസം

അബുദാബി ബിഗ് ടിക്കറ്റ് ഗ്രാന്‍ഡ് പ്രൈസ് നറുക്കെടുപ്പില്‍ വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് ഡല്‍ഹി സ്വദേശിനിയായ വീട്ടമ്മ കനിക അരോറ. 25 ദശലക്ഷം ദിര്‍ഹമാണ് (ഏകദേശം 56 കോടിയിലധികം ഇന്ത്യന്‍ രൂപ) കനിക സ്വന്തമാക്കിയത്. കഴിഞ്ഞ നാല് വര്‍ഷമായി തന്റെ ഭര്‍ത്താവ് സ്ഥിരമായി ബിഗ് ടിക്കറ്റെടുക്കാറുണ്ടായിരുന്നുവെന്നും അതിന്റെ ഫലമാണ് തനിക്ക് കിട്ടിയതെന്നും കനിക ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ഡല്‍ഹിയില്‍ ഭര്‍ത്താവിനും അഞ്ച് വയസുള്ള മകള്‍ക്കും ഭര്‍ത്താവിന്റെ അമ്മയ്‌ക്കൊപ്പവുമാണ് കനികയുടെ താമസം. വര്‍ഷങ്ങളായി കനികയുടെ ഭര്‍ത്താവായിരുന്നു ബിഗ് ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ അടുത്തിടെ കനികയുടെ പേരില്‍ ടിക്കറ്റ് എടുക്കുകയായിരുന്നു.

യൂട്യൂബ് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രാം റീലിലൂടെയുമാണ് ഈ കുടുംബം ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. ബിഗ് ടിക്കറ്റ് ഒരേ സമയം ആവേശവും എന്നാല്‍ അപകടവുമാണെന്ന തോന്നലുണ്ടാക്കിയെന്നും കനിക പറഞ്ഞു. എന്നാല്‍ എല്ലാ അസ്ഥിരതകള്‍ക്കിടയിലും തങ്ങള്‍ ടിക്കറ്റ് എടുക്കുന്നത് തുടര്‍ന്നെന്ന് കനിക വ്യക്തമാക്കി.

ഈ തുക ഉപയോഗിച്ച് പുതിയ വീട് വാങ്ങിക്കാനാണ് കനികയും കുടുംബവും ആദ്യം മുന്‍ഗണന നല്‍കുന്നത്. മകള്‍ക്ക് ഡിസ്‌നിലാന്‍ഡ് കാണാന്‍ ആഗ്രഹമുണ്ടെന്നും ആ സ്വപ്‌നം പൂര്‍ത്തിയാക്കുമെന്നും കനിക പറയുന്നു. ബാക്കിയുള്ള തുക സേവിങ്ങ്‌സായും ഇന്‍വെസ്റ്റ്‌മെന്റായും നിക്ഷേപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മകളുടെ വിദ്യാഭ്യാസത്തിനും ഭാവി സാമ്പത്തിക സ്ഥിരതയ്ക്കും ഊന്നല്‍ നല്‍കുമെന്നും കനിക പറയുന്നു. ബിഗ് ടിക്കറ്റ് എടുക്കുന്നുവരോടും കനികയ്ക്ക് ചിലത് പറയാനുണ്ട്. 'എല്ലാവരും ക്ഷമയോടെ ഇരിക്കണം. ഇത് പൂര്‍ണമായും ഭാഗ്യത്തിന്റെ കളിയാണ്. നിങ്ങളിലും ദൈവത്തിലും വിശ്വസിക്കൂ, അവസാനം നിങ്ങള്‍ക്ക് അനുയോജ്യമായത് നടക്കും', കനിക പറഞ്ഞു.

ബിഗ് ടിക്കറ്റ് വിജയം അറിയിക്കാന്‍ അവതാരകരായ റിച്ചാര്‍ഡും ബൂഷ്റയും ഫോണിലൂടെ കനികയെ വിളിച്ചപ്പോള്‍ സന്തോഷവാര്‍ത്ത അറിഞ്ഞ കനിക ആദ്യം സന്തോഷം കൊണ്ട് കരയുകയായിരുന്നു. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ നാല് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍കൂടി വിജയികളായി. ഒരാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്. വിജയികള്‍ക്ക് ഒരു ദശലക്ഷം ദിര്‍ഹം (ഏകദേശം 2.25 കോടി രൂപ) വീതമാണ് ലഭിക്കുക. ഷാര്‍ജയില്‍ താമസിക്കുന്ന അഖില്‍ എന്‍ബി, അല്‍ ഐനില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അതീഖ് ഹസന്‍ രണ്ടാം സമ്മാനവും നേടി.

അബുദാബിയില്‍ താമസിക്കുന്ന ശിവപ്രസാദ് രവീന്ദ്രന്‍, റാസല്‍ഖൈമയിലെ പ്രവാസിയായ ഉപേന്ദ്രന്‍ സിജു, ബെംഗളൂരുവില്‍ താമസിക്കുന്ന ലാന്‍സി പാല്‍സ് എന്നിവരാണ് മറ്റ് ഭാഗ്യശാലികള്‍. ഇവര്‍ക്ക് പുറമേ, ബിഗ് ടിക്കറ്റിന്റെ ലക്ഷ്വറി കാര്‍ നറുക്കെടുപ്പില്‍ ദുബായില്‍ താമസിക്കുന്ന ട്വിങ്കിള്‍ ആല്‍ഫിന്‍ എന്ന ഇന്ത്യക്കാരന്‍ ബിഎംഡബ്ല്യു എക്‌സ്6 കാര്‍ സ്വന്തമാക്കി.

Content Highlights: Kanika Arora, a homemaker from Delhi, has emerged as the winner of the Abu Dhabi Big Ticket grand prize, marking a memorable milestone in the renowned UAE raffle

To advertise here,contact us