രാത്രിയിലും ഭയമില്ലാതെ നടക്കാം; ദുബായിൽ താമസക്കാരുടെ സുരക്ഷിതത്വ ബോധം 99 ശതമാനത്തിനടുത്തെന്ന് സർവേ

സുരക്ഷയുടെ കാര്യത്തിൽ ദുബായ് മാത്രമല്ല, യുഎഇയിലെ മറ്റ് എമിറേറ്റുകളും ഏറെ മുന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു

ദുബായിൽ രാത്രികാലങ്ങളിൽ തനിച്ചോ കുടുംബത്തോടൊപ്പമോ പുറത്തിറങ്ങാൻ 99 ശതമാനത്തോളം താമസക്കാർക്കും ഭയമില്ലെന്ന് കണക്കുകൾ. യുഎഇ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ നടത്തിയ പുതിയ സർവേയിലാണ് പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ ഈ ഉയർന്ന സുരക്ഷിതത്വ ബോധം വെളിപ്പെട്ടത്.

ദുബായ് പൊലീസ് പുറത്തുവിട്ട സർവേ ഫലങ്ങൾ പ്രകാരം നഗരത്തിലെ സുരക്ഷാ നിലവാരം ലോകോത്തരമാണ്. സർവേയിലെ പ്രധാന കണ്ടെത്തലുകൾ ഇപ്രകാരമാണ്.

പൊതുവായ സുരക്ഷ - ജീവിതനിലവാര സൂചിക - 98.2 ശതമാനം

പകൽ സമയത്തെ സുരക്ഷിതത്വ ബോധം - 99.9 ശതമാനം

രാത്രിയിൽ തനിച്ചു നടക്കുമ്പോഴുള്ള സുരക്ഷിതത്വ ബോധം - 98.7 ശതമാനം

പൊലീസ് സ്റ്റേഷനുകളിലുള്ള പൊതുജന വിശ്വാസം - 96.2 ശതമാനം

സുരക്ഷയുടെ കാര്യത്തിൽ ദുബായ് മാത്രമല്ല, യുഎഇയിലെ മറ്റ് എമിറേറ്റുകളും ഏറെ മുന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തൊട്ടടുത്ത എമിറേറ്റായ ഷാർജയും അടുത്തിടെ സമാനമായ സർവേ ഫലങ്ങൾ പുറത്തുവിട്ടിരുന്നു. ഷാർജ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് നടത്തിയ സർവേ പ്രകാരം, ഷാർജയിലെ താമസക്കാർക്ക് 99.7 ശതമാനം സുരക്ഷിതത്വ ബോധമുണ്ടെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതിലും സ്ഥിരത നിലനിർത്തുന്നതിലും പൊലീസിനുള്ള പങ്കിൽ പൊതുജനങ്ങൾക്ക് വലിയ വിശ്വാസമാണുള്ളത്. ഷാർജയിലെ താമസക്കാരിൽ 99 ശതമാനത്തിലധികം ആളുകളും പൊലീസിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ ഭരണകൂടവും സുരക്ഷാ ഏജൻസികളും നടത്തുന്ന കൃത്യമായ ഇടപെടലുകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുമാണ് ജനങ്ങൾക്ക് ഈ ഭയരഹിതമായ ജീവിതസാഹചര്യം ഒരുക്കുന്നത്.

Content Highlights: A survey in Dubai shows an exceptionally high sense of safety among residents, with about 99% saying they feel secure, reflecting the city’s strict law enforcement and low crime levels.

To advertise here,contact us