സമൂഹമാധ്യമങ്ങളിലെ അപകടകരമായ വീഡിയോകൾ അനുകരിച്ച് കുട്ടികൾ 'സ്ലൈം' മൈക്രോവേവ് ഓവനിൽ ചൂടാക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. കുട്ടികൾ കളിക്കാനുപയോഗിക്കുന്ന ജെല്ലി പോലുള്ള ഒരു തരം പശമണ്ണാണ് സ്ലൈം. കൗതുകം കാരണം കുട്ടികൾ ഇത് മൈക്രോവേവ് ഓവനിൽ വെച്ച് ചൂടാക്കാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സ്ലൈം ഉയർന്ന ചൂടിൽ വെക്കുമ്പോൾ അതിനുള്ളിൽ കടുത്ത ചൂടുള്ള നീരാവിയും രാസവസ്തുക്കളും രൂപപ്പെടും. ഇത് പെട്ടെന്ന് പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ പൊട്ടിത്തെറിച്ചാൽ കുട്ടികളുടെ മുഖത്തും ശരീരത്തിലും ഗുരുതരമായ പൊള്ളലുകൾ ഏൽക്കാനും കണ്ണിന്റെ കാഴ്ചയെപ്പോലും ബാധിക്കാനും ഇടയുണ്ട്. കൂടാതെ വീടുകളിൽ വലിയ രീതിയിലുള്ള തീപിടുത്തമുണ്ടാകാനും ഇത് കാരണമാകും.
സ്കൂളുകൾക്ക് വേനലവധിക്കാലം ആരംഭിച്ചതോടെ കുട്ടികൾ കൂടുതൽ സമയവും ഇൻസ്റ്റാഗ്രാം, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ചിലവഴിക്കാറുണ്ട്. ഇതിലൂടെ പ്രചരിക്കുന്ന ഇത്തരം അന്ധമായ അനുകരണങ്ങളിൽ നിന്നും വിനാശകരമായ ചലഞ്ചുകളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാൻ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് ആവശ്യപ്പെട്ടു.
കുട്ടികൾ ഇന്റർനെറ്റിൽ എന്താണ് കാണുന്നതെന്നും വീട്ടിൽ ഒറ്റയ്ക്കുള്ള സമയങ്ങളിൽ അവർ എന്തൊക്കെയാണ് ചെയ്യുന്നതെന്നും മാതാപിതാക്കൾ നിരന്തരം നിരീക്ഷിക്കണം. ഇത്തരം വിനാശകരമായ ട്രെൻഡുകളുടെ അപകടങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ച് മനസ്സിലാക്കിക്കൊടുക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: Dubai Police have issued a warning to parents during summer holidays, advising caution over children’s “slime” experiments due to potential safety and health risks.