യുഎഇയില്‍ നാളെ മുതല്‍ അതികഠിന ചൂടിന്റെ നാളുകള്‍; ഇന്ന് നേരിയ ആശ്വാസം

കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി

നാളെ മുതല്‍ യുഎഇയില്‍ അതികഠിന ചൂടിന്റെ നാളുകള്‍. ഇന്ന് കാലാവസ്ഥ തെളിഞ്ഞതായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തെക്ക് പടിഞ്ഞാറ് മുതല്‍ വടക്ക് പടിഞ്ഞാറ് വരെ ചെറിയ രീതിയില്‍ കാറ്റ് വീശും. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക.

രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ 47 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. നാളെ മുതല്‍ ഓഗസ്റ്റ് 30 വരെ യുഎഇ ചുട്ടുപൊള്ളുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയിലെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ ജമ്രത്ത് അല്‍ ഖൈത് (വേനല്‍ച്ചൂടിന്റെ കൊടുമുടി) എന്ന കാലഘട്ടമാണിത്.

ഈ സമയങ്ങളില്‍ കടല്‍ തീരങ്ങളില്‍ സാധാരണ രേഖപ്പെടുത്തുന്നത് 41 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരിക്കും. ഉള്‍നാടന്‍, മരുഭൂ പ്രദേശങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. ഉഷ്ണ തരംഗം ഉള്ള സമയത്ത് ചില ഭാഗങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരെ ചൂട് രേഖപ്പെടുത്താറുണ്ട്.

ഈ സീസണില്‍ 'സമൂം' എന്നറിയപ്പെടുന്ന ഉഷ്ണമേറിയ വരണ്ട കാറ്റിന്റെ ഫ്രീക്വൻസി വര്‍ദ്ധിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ വ്യക്തമാക്കി. ഇതോടൊപ്പം 'വഗ്‌റത്ത് അല്‍ ഖൈത്' എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ഉഷ്ണതരംഗങ്ങളും സാധാരണയായിരിക്കും. ഈ ദിവസങ്ങളില്‍ അന്തരീക്ഷ താപനില സാധാരണ നിരക്കില്‍ നിന്നും നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നുതന്നെ നില്‍ക്കും. ജൂലൈ അവസാനത്തോടെ താപനില പലയിടങ്ങളിലും 50 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഓഗസ്റ്റ് 11-ഓടെ കനത്ത ചൂടിനൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കുത്തനെ ഉയരുന്ന അടുത്ത ഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കും. വരും ദിവസങ്ങളില്‍ ചൂട് കടുക്കുമെന്നതിനാല്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും പ്രവാസികളും ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണം. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കാനും, നിര്‍ജ്ജലീകരണം തടയാന്‍ ആവശ്യത്തിന് വെള്ളവും ദ്രാവകങ്ങളും കുടിക്കാനും ആരോഗ്യ വിദഗ്ദ്ധര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: The UAE's National Center of Meteorology (NCM) has forecast a spell of extreme heat beginning tomorrow. Weather conditions are expected to remain generally clear today, with temperatures likely to rise during daytime hours across most parts of the country

To advertise here,contact us