ദുബായ് പ്രവാസികൾക്ക് ആശ്വാസം; ദുബായിൽ വാടക നിരക്കുകൾ അഞ്ച് ശതമാനം വരെ കുറയാൻ സാധ്യത

വാടക കുറയുന്ന പശ്ചാത്തലത്തിൽ താമസസ്ഥലം മാറാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു

ദുബായുടെ വിവിധ ഭാഗങ്ങളിൽ താമസ വാടക നിരക്കുകളിൽ കുറവുണ്ടാകുമെന്ന് വിപണി വിലയിരുത്തൽ. പുതിയ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ നിർമ്മാണം വൻതോതിൽ പൂർത്തിയായ പ്രദേശങ്ങളിലാണ് പ്രധാനമായും വാടക കുറയുന്നത്. അതേസമയം, വില്ലകളുടെയും നഗരത്തിലെ പ്രധാന പ്രൈം മേഖലകളിലെ കെട്ടിടങ്ങളുടെയും വാടക നിരക്ക് ഉയർന്ന നിലവാരത്തിൽ തന്നെ തുടരുമെന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്.

വിപണിയിലേക്ക് പുതിയ ഫ്ലാറ്റുകൾ വൻതോതിൽ എത്തിയതാണ് വാടക കുറയാൻ കാരണം. ഫ്ലാറ്റുകളുടെ കൈമാറ്റം വർദ്ധിച്ചതോടെ വാടകക്കാർക്ക് അനുകൂലമായ സാഹചര്യവും മികച്ച രീതിയിൽ വിലപേശാനുള്ള അവസരവും ഒരുങ്ങുകയാണ്. ജുമൈറ വില്ലേജ് സർക്കിൾ, അർജൻ, സിലിക്കൺ ഒയാസിസ്, ഡിസ്കവറി ഗാർഡൻസ്, ദുബായ് സ്പോർട്സ് സിറ്റി എന്നീ മേഖലകൾക്ക് പുറമെ ബിസിനസ് ബേ, ദുബായ് സൗത്ത് എന്നിവിടങ്ങളിലും വാടക കുറയുമെന്നാണ് പ്രോപ്പർട്ടി വിദഗ്ധർ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളിലെ പുതിയ വാടകക്കരാറുകളിൽ നിരക്കുകൾ അഞ്ച് ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്.

പുതിയ സാഹചര്യത്തിൽ വാടകക്കാരെ ആകർഷിക്കാൻ ഭൂവുടമകൾ വാടക നിരക്കിൽ ഇളവ് നൽകുന്നതിന് പുറമെ, കൂടുതൽ പേയ്‌മെന്റ് ചെക്കുകൾ സ്വീകരിക്കാനും തയ്യാറാകുന്നുണ്ട്. ഒരു വർഷത്തെ വാടക ഒന്നിച്ച് വാങ്ങുന്നതിന് പകരം പ്രതിമാസ, ത്രൈമാസ പേയ്‌മെന്റ് പ്ലാനുകൾ നൽകാൻ ഉടമകൾ തയ്യാറാകുന്നത് പ്രവാസികളുടെ വലിയൊരു സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കും.

വാടക കുറയുന്ന പശ്ചാത്തലത്തിൽ താമസസ്ഥലം മാറാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. കുറഞ്ഞ വാടകയ്ക്ക് പുതിയ കരാറുകൾ ലഭ്യമാണെങ്കിലും വീട് മാറുമ്പോൾ ഉണ്ടാകുന്ന ഏജന്റ് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, മൂവിംഗ് ചാർജുകൾ, പുതിയ ഫർണിച്ചറുകൾ, കുട്ടികളുടെ സ്കൂൾ യാത്രാച്ചെലവുകൾ എന്നിവ കൂടി കൃത്യമായി കണക്കുകൂട്ടിയ ശേഷമേ പുതിയ സ്ഥലങ്ങളിലേക്ക് മാറാവൂ.

ഫ്ലാറ്റുകൾക്ക് വാടക കുറയുമ്പോഴും വില്ലകൾക്ക് ഡിമാൻഡ് കൂടുകയാണ്. വിപണിയിൽ ലഭ്യമായ യൂണിറ്റുകൾ പരിമിതമായതിനാൽ വില്ലകൾ, പ്രൈം വാട്ടർഫ്രണ്ട് വീടുകൾ, പ്രമുഖ ഫാമിലി കമ്മ്യൂണിറ്റികൾ എന്നിവയിലെ വാടക നിരക്കുകൾ ഉയർന്ന നിലവാരത്തിൽ തന്നെ തുടരും. പാം ജുമൈറ, ബ്ലൂവാട്ടേഴ്‌സ് ഐലൻഡ്, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ദുബായ് ഹിൽസ് എസ്റ്റേറ്റ് തുടങ്ങിയ വിഐപി മേഖലകളിൽ മൂന്ന് ശതമാനം മുതൽ 10 ശതമാനം വരെ വാടക വർധനവ് ഉണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Content Highlights: Expats in Dubai may see relief as rental rates are projected to drop by up to five percent. The expected decline is linked to market adjustments in the real estate sector.

To advertise here,contact us