വേനലവധിക്ക് യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾക്ക് ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അവധിക്കാലത്ത് ജനങ്ങൾ പാലിക്കേണ്ട പ്രധാന മുൻകരുതലുകൾ ഉൾപ്പെടുത്തി പൊലീസ് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

യുഎഇയിലെ വിദ്യാലയങ്ങളിൽ വേനലവധി ആരംഭിക്കാനിരിക്കെ, അടുത്ത രണ്ട് മാസത്തെ യാത്രാ പദ്ധതികൾ ഇതിനകം തന്നെ ഭൂരിഭാഗം പ്രവാസികളും തയ്യാറാക്കിക്കഴിഞ്ഞു. എന്നാൽ, യാത്ര തിരിക്കുന്നതിന് മുമ്പ് സ്വന്തം വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരാനിരിക്കുന്ന വലിയ അപകടങ്ങളും നഷ്ടങ്ങളും ഒഴിവാക്കാൻ സഹായിക്കുമെന്ന് അബുദാബി പൊലീസ് ഓർമ്മിപ്പിക്കുന്നു. അവധിക്കാലത്ത് ജനങ്ങൾ പാലിക്കേണ്ട പ്രധാന മുൻകരുതലുകൾ ഉൾപ്പെടുത്തി പൊലീസ് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

യാത്ര പുറപ്പെടുന്നതിന് മുമ്പ് വീടിന്റെ എല്ലാ ജനലുകളും വാതിലുകളും കൃത്യമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വീട്ടിൽ സുരക്ഷാ സംവിധാനങ്ങളോ സിസിടിവി ക്യാമറകളോ ഉണ്ടെങ്കിൽ അവ പ്രവർത്തനക്ഷമമാക്കുക. ആവശ്യമില്ലാത്ത ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടാനും വാട്ടർ-ഗ്യാസ് കണക്ഷനുകൾ പൂർണ്ണമായും ഓഫാക്കാനും ശ്രദ്ധിക്കണം. കൂടാതെ, സ്വർണ്ണാഭരണങ്ങളും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായ ലോക്കറുകളിലോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലോ സൂക്ഷിക്കണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ യാത്രകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. തങ്ങളുടെ യാത്രാ വിവരങ്ങളോ, എത്ര ദിവസം നാട്ടിൽ ഉണ്ടാകും എന്ന കാര്യങ്ങളോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യപ്പെടുത്തരുത്. ഇത്തരം വിവരങ്ങൾ മോഷ്ടാക്കൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. യാത്ര പോകുന്ന സമയങ്ങളിൽ വിശ്വസ്തരായ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വീട് ഒന്നു ശ്രദ്ധിക്കാൻ ഏൽപ്പിക്കുന്നത് കൂടുതൽ സുരക്ഷിതത്വവും സമാധാനവും നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അബുദാബി പൊലീസിന്റെ 'സേഫ് സമ്മർ' ബോധവത്ക്കരണ കാമ്പയിന്റെ ഭാഗമായാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, സമൂഹത്തിൽ സുരക്ഷാ സംസ്‌കാരം വളർത്തുക എന്നിവയാണ് ഈ കാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Abu Dhabi Police have advised expatriates preparing for summer vacation travel to stay cautious and follow safety measures. The alert aims to ensure smooth and secure travel during the holiday season.

To advertise here,contact us