ജൂലൈ മുതല്‍ യുഎഇയിലെ ജനങ്ങളെ ബാധിക്കുന്ന നിരവധി മാറ്റങ്ങളും സേവനങ്ങളുമാണ് നിലവില്‍ വരുന്നത്. യുഎഇയിലെ സ്കൂളുകള്‍ക്കുള്ള വേനല്‍ക്കാല അവധി, ഷാര്‍ജയില്‍ പണമടച്ച് പാര്‍ക്ക് ചെയ്യാനുള്ള സമയം നീട്ടിയത്, ഇത്തിഹാദ് റെയില്‍ യാത്രാസേവനം ആരംഭിച്ചു, ദുബായ് വേനല്‍ക്കാല ആഘോഷങ്ങള്‍ തിരികെ വരുന്നു തുടങ്ങിയ മാറ്റങ്ങളാണ് നിലവിൽ വരുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കലണ്ടര്‍ പ്രകാരം ജൂലൈ 3, 2026 മുതല്‍ യുഎഇയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വേനലവധി ആരംഭിക്കും. ദുബായിലെ സ്വകാര്യ സ്കൂളുകള്‍ക്ക് ജൂലൈ ആറ് മുതലാണ് വേനലവധി വരുന്നത്. ആഗസ്റ്റ് 31 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുക. പുതിയ അധ്യായന വര്‍ഷം കഴിയുന്നതിന് മുന്‍പ് രണ്ട് മാസത്തെ അവധി നല്‍കും.
ഷാര്‍ജയില്‍ പണമടച്ച് വാഹനം പാര്‍ക്ക് ചെയ്യുന്ന സമയപരിധി അര്‍ധരാത്രിവരെ നീട്ടി. ജൂലൈ 1 മുതല്‍ ഷാര്‍ജയിലെ പെയ്ഡ് പാര്‍ക്കിംഗ് സമയം അര്‍ധരാത്രി 12 മണിവരെ നീട്ടിയതായി ഷാര്‍ജാ മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഷാര്‍ജ സിറ്റി, കല്‍ബ, ഖോര്ഫക്കാന്, അല്‍ ദൈദ് എന്നിവിടങ്ങളിലാണ് രാത്രി 12 മണി വരെ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്.പുതിയ നിയമത്തിൽ മഞ്ഞ സിഗ്നല്‍ ഉള്ള സ്ഥലങ്ങളുടെ സമയം നീല സിഗ്നല്‍ ഉള്ള സമയവുമായി ഏകീകരിച്ചിട്ടുണ്ട്. മുന്‍പ് മഞ്ഞ സിഗ്നല്‍ ഉള്ള സ്ഥലങ്ങളുടെ സമയം നീല സിഗ്നലുകളുള്ള സ്ഥലങ്ങളേക്കാള്‍ കുറവായിരുന്നു.
ഫുജൈറയില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് റെയിലിൻ്റെ ആദ്യ യാത്രാ ട്രെയിന്‍ സര്‍വീസ് ഇന്നലെ ആരംഭിച്ചു. ഷെയ്ഖ് ഖാലിദ് ജൂണ്‍ 23ന് അബുദബി സ്റ്റേഷന് ഉദ്ഘാടനം ചെയ്തു. ദുബായ് റെയില്‍വേ സ്റ്റേഷനും അല്‍ ദൈദ് റെയില്‍വേ സ്റ്റേഷനും സെപ്തംബര്‍ 30 ന് തുറക്കും. തുടര്‍ന്ന് ഡിസംബര്‍ 30 ന് അല്‍ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും തുറക്കും. 2027 മാര്‍ച്ച് 30ന് ഷാര്‍ജ റെയില്‍വേ സ്റ്റേഷന് തുറക്കുന്നതോടെ പാസഞ്ചര്‍ ട്രെയിന്‍ ശൃംഖല പൂര്‍ണമായും പൂര്‍ത്തിയാകും. ഇത് യുഎഇയുടെ പൊതുഗതാഗത രംഗത്തെ വലിയ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
യുഎഇയിലെ ഇ-ഇന്‍വോയ്സിംഗ് സംവിധാനത്തിന്റെ പരീക്ഷണ ഘട്ടം ജൂലൈ 1 ന് ആരംഭിക്കും, തുടര്‍ന്ന് 50 മില്യണ്‍ ദിര്‍ഹത്തിലധികം വാര്‍ഷിക വരുമാനം ഉണ്ടാക്കുന്ന ബിസിനസുകള്‍ മുതല്‍ ഘട്ടം ഘട്ടമായി നിര്‍ബന്ധിത വിന്യാസം ആരംഭിക്കും. അവസാനഘട്ടം 2027 അവസാനത്തോട് കൂടിയും ജനുവരി 2028 ഓടുകൂടി മുഴുവനായും പൂര്‍ത്തിയാകും. ബിസിനസ് മേഖലയെ കൂടുതല്‍ ഡിജിറ്റലാക്കുന്നതിനായി ഇ-ഇന്‍വോയ്സിംഗ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.
അല്‍ഹിന്ദ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് യുഎഇയിലെ കോണ്‍സുലര്‍ സേവനങ്ങളുടെ ചുമതല ഏറ്റെടുക്കും എന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്ക്ക് ലഭിക്കുന്ന പാസ്പോര്‍ട്ട് സേവനങ്ങളില്‍ അപേക്ഷാ ഫീസ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
60 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ദുബായിലെ വേനല്‍ക്കാല ആഘോഷങ്ങളും സമ്മാനങ്ങളും ഓഫറുകളും വീണ്ടും വരുന്നു. ജൂലൈ 2 മുതല്‍ ആഗസ്റ്റ് 30 വരെയാണ് വേനല്‍ക്കാല ആഘോഷത്തിന്റെ സമയം. 50 ദിര്‍ഹം വിലമതിക്കുന്ന 12 അപ്പാര്‍ട്മെന്റുകള്‍ കാറുകള്‍ സ്വര്‍ണം, ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ പണം എന്നിവ ഈ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഭക്ഷണ പ്രേമികള്‍ക്ക് ആഘോഷത്തിന് വേനല്‍ക്കാല റെസ്റ്റോറന്റ് വീക്ക് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ ഗതാഗതം, വിദ്യാഭ്യാസം, ബിസിനസ് സേവനങ്ങള്‍, പൊതുസേവനങ്ങള്‍ എന്നിവയില്‍ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാന നടപടികളാണ്.
Content Highlight : The UAE will introduce updates including Etihad Rail, e-invoicing, and expanded parking measures during July