പ്രവാസികളെ വലച്ച് UAEയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനം നിയമക്കുരുക്കിൽ; പുതിയ അപേക്ഷകൾ നൽകാൻ മാർഗമില്ല

ജൂണ്‍ 25 മുതല്‍ ബിഎല്‍എസ് കേന്ദ്രങ്ങള്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു

പ്രവാസികളെ വലച്ച് യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനം നിയമക്കുരുക്കില്‍. പുതിയ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കാനുള്ള നടപടികള്‍ ഒരാഴ്ചയായി പ്രതിസന്ധിയിലാണ്. ഇന്ന് മുതല്‍ കോഴിക്കോട് ആസ്ഥാനമായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സേവനങ്ങള്‍ ഏറ്റെടുക്കാനിരിക്കുകയായിരുന്നു.

സേവനത്തിന്റെ കരാര്‍ പുതിയ കമ്പനിയെ ഏല്‍പ്പിച്ചത് ചോദ്യം ചെയ്ത് കൊണ്ട് ഇ ട്രാവ് ടെക് എന്ന കമ്പനി സുപ്രീം കോടതിയെയും ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. പുതിയ കമ്പനിയെ കണ്ടെത്താന്‍ നടത്തിയ ടെന്‍ഡര്‍ നടപടികളെ ചോദ്യം ചെയ്താണ് ഇ ട്രാവ് ടെക് കമ്പനി കേന്ദ്രസര്‍ക്കാരിന് എതിരെ കേസ് കൊടുത്തത്.

വര്‍ഷങ്ങളായി ബിഎല്‍എസ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയാണ് യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിസാ സേവനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. എന്നാല്‍ പുതിയ കമ്പനി ജൂലൈ ഒന്ന് മുതല്‍ സേവനം ഏറ്റെടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 25 മുതല്‍ ബിഎല്‍എസ് കേന്ദ്രങ്ങള്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു.

നിലവില്‍ പുതിയ അപേക്ഷകള്‍ നല്‍കാനുള്ള സംവിധാനമില്ല. അതേസമയം പുതിയ കമ്പനിയെ ഇ ട്രാവ് ടെക് കമ്പനി നല്‍കിയ കേസ് വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി നാളത്തേക്ക് മാറ്റി. പ്രശ്‌നം ഉടനടി അവസാനിച്ചില്ലെങ്കില്‍ പ്രവാസികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.

Content Highlights: Indian passport services in the UAE have reportedly run into legal hurdles, causing difficulties for expatriates

To advertise here,contact us