ദുബൈയില്‍ അവധിക്കാല യാത്ര പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. വ്യാജ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് ജാഗ്രത പാലിക്കാനാണ് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദുബൈയില്‍ അവധിക്കാലം ആരംഭിക്കാനിരിക്കെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.
'വഞ്ചനയില്‍ ജാഗ്രത പാലിക്കുക' എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്കായി ദുബൈ പൊലീസ് മുന്നറിയിപ്പും നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്. തട്ടിപ്പുകാര്‍ ആകര്‍ഷകമായ വ്യാജ യാത്രാ പാക്കേജുകള്‍ പരസ്യപ്പെടുത്തി ആളുകളില്‍ നിന്നും പണം കൈപ്പറ്റുന്നുവെന്ന് പൊലീസ് പറഞ്ഞു.
തങ്ങളുടെ വിമാനടിക്കറ്റോ ഹോട്ടല്‍ ബുക്കിങ്ങോ യാഥാര്‍ത്ഥ്യമല്ലെന്ന് മനസിലാക്കുമ്പോഴാണ് പലര്‍ക്കും തങ്ങള്‍ തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെടുന്നതെന്നും ദുബൈ പൊലീസ് വ്യക്തമാക്കി. തട്ടിപ്പുകാരില്‍ നിന്നും രക്ഷ നേടാനായി ആറ് മാര്‍ഗങ്ങളും പൊലീസ് ഇറക്കിയിട്ടുണ്ട്.
- യാത്രക്കാരെ ആകര്‍ഷിക്കാനായി ഡിസ്കൗണ്ടുകളുള്ള ഹോളിഡേ പാക്കേജുകളും ഹോട്ടല്‍ ബുക്കിങ്ങുകളും വിമാനടിക്കറ്റുകളുമാണ് തട്ടിപ്പുകാര്‍ കൂടുതലായും ഓഫര്‍ ചെയ്യുന്നത്. മറ്റുള്ള ട്രാവല്‍ ഏജന്‍സികള്‍ നല്കുന്നതിനേക്കാള് വലിയ കുറവ് ഓഫറുകളില്‍ കാണിക്കുന്നുണ്ടെങ്കില്‍ പണം നല്‍കുന്നതിന് മുമ്പ് നന്നായി ആ ഓഫറിനെ കുറിച്ച് അന്വേഷിക്കണം.
- യാത്രക്കായി ലൈസന്‍സുള്ള ട്രാവല്‍ ഏജന്‍സികളെയോ വിശ്വാസ യോഗ്യമായ ഔദ്യോഗിക പ്ലാറ്റ്ഫോമുകളെയോ സമീപിക്കുക.
- യഥാര്‍ത്ഥ ട്രാവല്‍ ഏജന്‍സിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വെബ്സൈറ്റുകളും സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും തട്ടിപ്പുകാര്‍ സൃഷ്ടിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഒരു യഥാര്‍ത്ഥ ട്രാവല്‍ ഏജന്‍സിയുടെ അക്കൗണ്ടും വ്യാജ അക്കൗണ്ടും തമ്മില്‍ ഒരു അക്ഷരത്തിന്റെയോ മറ്റും വ്യത്യാസം മാത്രമേ ഉണ്ടാകാറുള്ളു. അതുകൊണ്ട് തന്നെ യാത്രക്കാര്‍ ഏത് ഏജന്‍സിയെയാണോ സമീപിക്കുന്നത്, അവരുടെ വെബ്സൈറ്റ് യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കുക.
- കുറച്ച് സ്ലോട്ടുകള്‍ മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ യാത്രക്കാരെ നിരന്തരം വിളിക്കാനുള്ള സാധ്യതയുമുണ്ട്. ഇത്തരം സമ്മര്‍ദ്ദത്തില്‍ വീഴരുത്. പണം നല്‍കുന്നതിന് മുമ്പ് യഥാര്‍ത്ഥ ട്രാവല്‍ ഏജന്‍സിയാണെന്ന് ഉറപ്പ് വരുത്തുക.
- വ്യക്തി അക്കൗണ്ടുകളിലേക്കോ അപരിചിതമായ ബാങ്ക് അക്കൗണ്ടിലോ പണം അയക്കരുത്. ബാങ്ക് കാര്‍ഡ് വിവരങ്ങള്‍, പാസ്വേര്ഡുകള്, ഒടിപി എന്നിവ വിശ്വാസയോഗ്യമല്ലാത്തവര്ക്ക് നല്‍കരുത്.
- വ്യാജ വെബ്സൈറ്റ് കണ്ടെത്തുകയോ, ഏതെങ്കിലും ട്രാവല്‍ ഓഫറുകളില്‍ സംശയം തോന്നുകയോ ചെയ്താല്‍ ഇ- ക്രൈം പ്ലാറ്റ്ഫോമിലോ അല്ലെങ്കില്‍ 901ലോ വിളിക്കണം.
Content Highlights: Dubai Police has issued a warning for people planning holiday travel