തിരികെ മടങ്ങാൻ പ്രവാസികൾക്ക് ആ​ഗ്രഹമില്ല; ഭൂരിഭാഗവും യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവരെന്ന് റിപ്പോർട്ട്

അഞ്ച് വർഷത്തിനുള്ളിൽ യുഎഇയിൽ നവീനവും വിപ്ലവകരവുമായ ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുമെന്ന് 87 ശതമാനം പ്രവാസികളും ഉറച്ചു വിശ്വസിക്കുന്നു

യുഎഇയിലെത്തുന്ന പ്രവാസികളിൽ ഭൂരിഭാഗവും തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതിനേക്കാൾ യുഎഇയിൽ തന്നെ സ്ഥിരമായി തുടരാൻ ആഗ്രഹിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. ആർസെറ്റ് ഗ്ലോബലും ക്വസ്റ്റ്യൻ പ്രോയും സംയുക്തമായി നടത്തിയ 'യുഎഇ എക്സ്പാറ്റ്സ് മോണിറ്റർ' സർവേയിലാണ് പ്രവാസികളുടെ താൽപ്പര്യങ്ങളിൽ വന്ന ഈ വിപ്ലവകരമായ മാറ്റം വ്യക്തമാക്കുന്നത്. യുഎഇയിലുള്ള 94 ശതമാനം പ്രവാസികളും ഈ രാജ്യത്ത് തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് സർവേ സൂചിപ്പിക്കുന്നു.

ആദ്യകാലങ്ങളിൽ നികുതിയില്ലാത്ത ശമ്പളവും സാമ്പത്തിക ഭദ്രതയുമായിരുന്നു പ്രവാസികളെ യുഎഇയിലേക്ക് ആകർഷിച്ചിരുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ, ഇപ്പോഴത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉയർന്ന സുരക്ഷയുമാണ് ഭൂരിഭാഗം പ്രവാസി കുടുംബങ്ങളെയും ഇവിടെത്തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്ത 88 ശതമാനം പേരും മികച്ച ജീവിതസാഹചര്യത്തിന് ഒന്നാം സ്ഥാനം നൽകുമ്പോൾ, കുറ്റകൃത്യങ്ങളില്ലാത്ത സുരക്ഷിതമായ അന്തരീക്ഷമാണ് തങ്ങളെ ആകർഷിക്കുന്നതെന്ന് 87 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നു.

തങ്ങളുടെ മാതൃരാജ്യത്തെ ഭരണകൂടങ്ങളെക്കാൾ യുഎഇയുടെ ഭരണനേതൃത്വത്തിലാണ് പ്രവാസികളിൽ ഭൂരിഭാഗവും വിശ്വാസമർപ്പിക്കുന്നത് എന്നതും ഈ റിപ്പോർട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലാണ്. ഏഴ് വർഷത്തിലധികമായി യുഎഇയിൽ താമസിക്കുന്നവരിൽ 75 ശതമാനത്തോളം പേരും ഈ ശക്തമായ വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. യുഎഇയുടെ ഭാവിയെക്കുറിച്ച് പ്രവാസികൾക്കുള്ള കടുത്ത ആത്മവിശ്വാസവും ഈ റിപ്പോർട്ട് അടിവരയിടുന്നു.

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ യുഎഇയിൽ നവീനവും വിപ്ലവകരവുമായ ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുമെന്ന് 87 ശതമാനം പ്രവാസികളും ഉറച്ചു വിശ്വസിക്കുന്നു. യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ വിപുലമായ സർവേയിലൂടെയാണ് പ്രവാസികളുടെ മനസ്സിലിരുപ്പ് വ്യക്തമാക്കുന്ന ഈ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Content Highlights: A new report indicates that a majority of expatriates are not willing to return to their home countries and prefer to continue living and working in the UAE due to better opportunities and living conditions.

To advertise here,contact us