ലോകത്തിലെ ഏറ്റവും മികച്ച റോഡ് ശൃംഖലയുള്ള രാജ്യങ്ങളുടെ പട്ടികയിൽ യുഎഇക്ക് തിളക്കമാർന്ന നേട്ടം. വേൾഡ് പോപ്പുലേഷൻ റിവ്യൂ പുറത്തുവിട്ട 2026-ലെ ഏറ്റവും പുതിയ ആഗോള റാങ്കിങ്ങിൽ മൂന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിൽ രാജ്യം കൈവരിച്ച വൻ മുന്നേറ്റമാണ് ഈ നേട്ടത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നത്.
അന്താരാഷ്ട്രതലത്തിലെ അടിസ്ഥാന സൗകര്യ വിലയിരുത്തലുകളും റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. റോഡുകളുടെ നിർമ്മാണം, കൃത്യമായ അറ്റകുറ്റപ്പണികൾ, സുരക്ഷ, അത്യാധുനിക ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ, വിവിധ നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി, മികച്ച ഡ്രൈവിങ് സാഹചര്യങ്ങൾ എന്നിവയെല്ലാം പരിശോധിച്ചാണ് യുഎഇയെ ഈ നേട്ടത്തിനായി തിരഞ്ഞെടുത്തത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെയും എൻജിനീയറിങ് മികവിന്റെയും പ്രധാന അടയാളമാണ് റോഡുകളുടെ ഗുണനിലവാരമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യ വികസന രംഗത്ത് യുഎഇ നടത്തിയ തന്ത്രപരമായ നിക്ഷേപങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. ദുബായ്, അബുദാബി തുടങ്ങിയ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അത്യാധുനിക ഹൈവേ ശൃംഖലയാണ് രാജ്യം കെട്ടിപ്പടുത്തിട്ടുള്ളത്. മൾട്ടി-ലെയ്ൻ പാതകൾ, സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റങ്ങൾ, ആധുനിക ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് യുഎഇയിലെ റോഡുകൾ. ഇത് രാജ്യത്തെ യാത്രകൾ കൂടുതൽ സുരക്ഷിതവും വേഗമേറിയതുമാക്കാൻ സഹായിക്കുന്നു.
ആഗോള റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് സിംഗപ്പൂരാണ്. അവിടുത്തെ സ്മാർട്ട് ഗതാഗത ശൃംഖലയും മികച്ച ട്രാഫിക് നിയന്ത്രണവുമാണ് സിംഗപ്പൂരിനെ മുന്നിലെത്തിച്ചത്. ഏത് കഠിനമായ കാലാവസ്ഥയിലും തകരാത്ത മികച്ച റോഡുകളുമായി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനവും നേടി. നെതർലൻഡ്സ്, ജപ്പാൻ, ഓസ്ട്രിയ, ഫ്രാൻസ്, ജർമ്മനി, അമേരിക്ക, ഒമാൻ തുടങ്ങിയ വൻകിട രാജ്യങ്ങളെയെല്ലാം പിന്നിലാക്കിയാണ് യുഎഇ മൂന്നാം സ്ഥാനം അലങ്കരിച്ചത് എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
Content Highlights: The UAE has earned global recognition for the quality of its road infrastructure, ranking ahead of several leading nations. The achievement reflects the country's sustained investment in modern transport networks, road safety, and infrastructure development.