സ്വകാര്യ കമ്പനികൾക്ക് ഇനി ദിവസങ്ങൾ മാത്രം; സ്വദേശിവത്ക്കരണം പൂർത്തിയാക്കിയില്ലെങ്കിൽ കനത്ത പിഴ!

ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികളെ കാത്തിരിക്കുന്നത് കനത്ത പിഴയാണ്

സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള അവസാന തീയതി ഈ മാസം 30 ന് അവസാനിക്കും. നിർദ്ദിഷ്ട ലക്ഷ്യം പൂർത്തിയാക്കാത്ത കമ്പനികൾക്കെതിരെ ജൂലൈ ഒന്നു മുതൽ കനത്ത പിഴ ഈടാക്കുമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. തസ്തികകളിൽ കൃത്രിമം കാണിക്കുന്ന 'വ്യാജ സ്വദേശിവത്ക്കരണ' പദ്ധതികൾക്കെതിരെ സ്വകാര്യ കമ്പനികൾക്ക് മന്ത്രാലയം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

2026-ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സ്വകാര്യ കമ്പനികൾക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 50-ഓ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ തങ്ങളുടെ വൈദഗ്ധ്യമുള്ള തസ്തികകളിൽ കുറഞ്ഞത് ഒരു ശതമാനമെങ്കിലും സ്വദേശി പൗരന്മാരെ നിയമിച്ചിരിക്കണം. വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇത് ഒരു ശതമാനം കൂടി വർദ്ധിപ്പിച്ച് വർഷാവസാനത്തോടെ ആകെ രണ്ട് ശതമാനം സ്വദേശിവത്ക്കരണം ഉറപ്പാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

യോഗ്യരായ എമിറാത്തി തൊഴിലന്വേഷകരെ കണ്ടെത്താൻ കമ്പനികൾക്ക് 'നഫീസ്' പ്ലാറ്റ്‌ഫോമിന്റെ സഹായം തേടാവുന്നതാണ്. മികച്ച രീതിയിൽ സ്വദേശിവത്ക്കരണം നടപ്പാക്കുന്ന കമ്പനികൾക്ക് മന്ത്രാലയത്തിന്റെ സേവന ഫീസുകളിൽ 80 ശതമാനം വരെ കിഴിവ് നൽകുന്ന 'എമിറേറ്റൈസേഷൻ പാർട്ണേഴ്‌സ് ക്ലബ്ബിൽ' അംഗത്വവും സർക്കാർ കരാറുകളിൽ മുൻഗണനയും ലഭിക്കും.

ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികളെ കാത്തിരിക്കുന്നത് കനത്ത പിഴയാണ്. നിയമിക്കാത്ത ഓരോ യുഎഇ പൗരന്റെയും തസ്തികയ്ക്ക് പകരമായി പ്രതിമാസം 10,000 ദിർഹം വീതം കമ്പനികൾ സാമ്പത്തിക സംഭാവന നൽകേണ്ടി വരും. ഇത് പ്രതിവർഷം 1,20,000 ദിർഹമായി വർദ്ധിക്കും.

നിയമം മറികടക്കാൻ നടത്തുന്ന 'വ്യാജ സ്വദേശിവത്ക്കരണ' ശ്രമങ്ങളെ അതീവ ഗുരുതരമായ ലംഘനമായാണ് മന്ത്രാലയം കണക്കാക്കുന്നത്. അത്യാധുനിക ഡിജിറ്റൽ, ഫീൽഡ് പരിശോധനാ സംവിധാനങ്ങളിലൂടെ ഇത്തരം കൃത്രിമത്വങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും. സ്വദേശിവത്ക്കരണ നയങ്ങളെ തകർക്കുന്ന രീതിയിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകുമെന്നും മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം വ്യക്തമാക്കി.

Content Highlights: The UAE has reminded private sector companies to complete their Emiratisation targets before the deadline. Businesses that fail to comply with the national workforce requirements may be subject to hefty fines and other regulatory measures.

To advertise here,contact us