പശ്ചിമേഷ്യൻ സംഘർഷത്തിന് ശമനമായതോടെ ദുബായിലെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവിലേക്ക്. ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും കുത്തനെ ഉയരുമെന്ന് സൂചന നൽകി ആഗോള ഹോസ്പിറ്റാലിറ്റി ഭീമന്മാരായ 'അക്കോർ'. വ്യോമഗതാഗതം പൂർണ്ണസ്ഥിതിയിലാകുന്നതും പ്രമുഖ രാജ്യാന്തര പരിപാടികൾ പുനരാരംഭിക്കുന്നതും ദുബായിലേക്ക് വിദേശസഞ്ചാരികളുടെ വൻ ഒഴുക്കിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളെത്തുടർന്ന് മിഡിൽ ഈസ്റ്റിലുണ്ടായ താൽക്കാലിക പ്രതിസന്ധികളെ മറികടന്ന് ദുബായ് ടൂറിസം മേഖല വീണ്ടും സജീവമാകുകയാണ്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം കഴിഞ്ഞ മാർച്ചിൽ യുഎഇയിലെ ഹോട്ടലുകളുടെ വരുമാനത്തിൽ 53 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ നിലവിൽ ദുബായിലെ ഹോട്ടലുകൾ സഞ്ചാരികൾക്കായി നിരവധി ആകർഷകമായ ഇളവുകളും പാക്കേജുകളുമാണ് നൽകി വരുന്നത്.
എന്നാൽ, നിലവിലുള്ള ഈ വിലക്കുറവ് താൽക്കാലികം മാത്രമായിരിക്കുമെന്നും താമസിയാതെ തന്നെ ഹോട്ടൽ നിരക്കുകൾ പഴയപടി ഉയരുമെന്നും ഫെയർമോണ്ട്, മൂവൻപിക്ക്, റാഫിൾസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമകളായ അക്കോർ ഗ്രൂപ്പ് അടിവരയിടുന്നു. മിഡിൽ ഈസ്റ്റിൽ നിലവിൽ 380-ലധികം ഹോട്ടലുകളുള്ള അക്കോർ ഗ്രൂപ്പ്, വരും വർഷങ്ങളിൽ തങ്ങളുടെ സാന്നിധ്യം വലിയ തോതിൽ വർദ്ധിപ്പിക്കാനുള്ള വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്.
മേഖലയിലുണ്ടായ സുരക്ഷാ വെല്ലുവിളികളൊന്നും ദുബായുടെ ദീർഘകാല ടൂറിസം തന്ത്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ദുബായ് ടൂറിസം വകുപ്പ് വ്യക്തമാക്കുന്നു. ദുബായ് സർക്കാരിന്റെ പ്രഖ്യാപിത സാമ്പത്തിക ലക്ഷ്യമായ 'D33' പ്ലാനുകളിൽ യാതൊരു മാറ്റവുമില്ലെന്ന് DTE - സിഇഒ ഇസ്സാം കാസിം പറഞ്ഞു. പ്രതിസന്ധികളെ വേഗത്തിൽ അതിജീവിക്കുന്ന ദുബായുടെ കരുത്ത് തെളിയിക്കുന്നതാണ് ടൂറിസം മേഖലയിൽ നിന്നുള്ള ഈ പുതിയ ശുഭസൂചനകൾ.
Content Highlights: Dubai's tourism industry is making a robust comeback following the easing of tensions in West Asia. Improved regional stability has boosted tourist confidence, resulting in increased travel bookings, higher hotel occupancy, and renewed momentum for the emirate's tourism sector.