ദുബായിയുടെ സാമ്പത്തിക നേട്ടങ്ങളും നിക്ഷേപ അവസരങ്ങളും ആഗോളതലത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 'ദുബായ് ബിസിനസ്' എന്ന പേരിൽ പുതിയ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു. ദുബായ് മീഡിയ കൗൺസിൽ ചെയർമാനും രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ പുതിയ സംരംഭത്തിന് അംഗീകാരം നൽകി. ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡിന് (ഡിഎംഐ) കീഴിലാണ് ഈ അത്യാധുനിക ബിസിനസ് ജേണലിസം പ്ലാറ്റ്ഫോം പ്രവർത്തിക്കുക.
ആഗോളതലത്തിൽ വ്യാപാരം, ധനകാര്യം, നൂതന സാങ്കേതിക വിദ്യ എന്നിവയുടെ പ്രധാന കേന്ദ്രമെന്ന നിലയിലുള്ള ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പുതിയ മാധ്യമത്തിലൂടെ സാധിക്കും. ദുബായിലെ ബിസിനസ് മേഖലയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ, ആധികാരികമായ കണക്കുകൾ, വിപണിയിലെ പുതിയ ചലനങ്ങൾ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുബായിയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും രാജ്യാന്തര വിപണിയിലെ മത്സരശേഷിയും ആഗോള നിക്ഷേപകർക്ക് മുന്നിൽ കൃത്യമായി പ്രദർശിപ്പിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയൊരു പങ്കുണ്ടെന്ന് ഷെയ്ഖ് അഹമ്മദ് എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. പുതിയ സംരംഭം ആഗോള ബിസിനസ് സമൂഹത്തിന് വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
Content Highlights: Dubai has given approval for a new media initiative focused on business news, investment opportunities, and economic developments. The platform aims to offer entrepreneurs, investors, and businesses timely information on the emirate's evolving commercial landscape.