അവധിക്കാലത്ത് കുട്ടികൾ മയക്കുമരുന്ന് കെണിയിൽപെട്ടേക്കാം; മാതാപിതാക്കൾ നിരീക്ഷിക്കണമെന്ന് അബുദാബി പൊലീസ്

കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്തുന്നതിൽ കുടുംബങ്ങളാണ് ഏറ്റവും വലിയ പ്രതിരോധ കോട്ടയെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി

വേനലവധിക്കാലത്ത് കുട്ടികൾ മയക്കുമരുന്ന് മാഫിയകളുടെ കെണിയിൽപ്പെടാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ്. കുട്ടികളുടെ ഒഴിവുസമയങ്ങൾ കൃത്യമായി ക്രമീകരിക്കണമെന്നും അവരെ കായിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്നും ഓർമ്മപ്പെടുത്തൽ. മയക്കുമരുന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അബുദാബി പൊലീസ് പ്രത്യേക ബോധവത്ക്കരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്തുന്നതിൽ കുടുംബങ്ങളാണ് ഏറ്റവും വലിയ പ്രതിരോധ കോട്ടയെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. കുട്ടികളുമായി നിരന്തരം സംവദിക്കാനും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തണം. പരസ്പര വിശ്വാസവും പോസിറ്റീവായ അന്തരീക്ഷവും വീട്ടിൽ ഉറപ്പാക്കുന്നത് വഴി കുട്ടികൾ തെറ്റായ വഴികളിലേക്ക് തിരിയുന്നത് തടയാൻ സാധിക്കും.

കൃത്യമായ മേൽനോട്ടമില്ലെങ്കിൽ കുട്ടികളുടെ വേനലവധിക്കാലം വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. വിരസത, അനാവശ്യമായ ജിജ്ഞാസ, മോശം കൂട്ടുകെട്ടുകൾ എന്നിവയാണ് പലപ്പോഴും കുട്ടികളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. അതുകൊണ്ടുതന്നെ യുവാക്കളെ ഇത്തരം വിപത്തുകളിൽ നിന്ന് സംരക്ഷിക്കാൻ കുടുംബവും സമൂഹവും ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെയും വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ സോഷ്യൽ മീഡിയ ഉപയോഗവും മാതാപിതാക്കൾ കൃത്യമായി നിരീക്ഷിക്കണം. ഒഴിവുസമയങ്ങൾ ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുക്കുന്നതിലൂടെ ഉത്തരവാദിത്തബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്നും സുരക്ഷിതമായ കുടുംബ അന്തരീക്ഷം അതിനായി ഒരുക്കണമെന്നും അബുദാബി പൊലീസ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.

Content Highlights: Abu Dhabi Police have issued an advisory urging parents to pay close attention to their children during the holiday period. The warning highlights the potential risk of youngsters being drawn into drug-related activities and emphasizes the importance of parental supervision, open communication, and early intervention.

To advertise here,contact us