തുടർച്ചയായ നാല് മാസത്തെ വർദ്ധനവിന് ശേഷം യുഎഇയിൽ ജൂലൈ മാസത്തിൽ ഇന്ധന വില കുറഞ്ഞേക്കും. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധന വില കുറയാൻ അനുകൂല സാഹചര്യമൊരുങ്ങുന്നത്.
കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഹോർമുസ് കടലിടുക്കിലെ ഷിപ്പിംഗ് തടസ്സങ്ങൾ കാരണം യുഎഇയിലെ ചില്ലറ ഇന്ധന വില 60 ശതമാനത്തിലധികം ഉയർന്നിരുന്നു. നിലവിൽ ജൂൺ മാസത്തിൽ സൂപ്പർ 98 ന് ലിറ്ററിന് 3.95 ദിർഹവും, സ്പെഷ്യൽ 95 ന് 3.83 ദിർഹവുമാണ് വില. ഫെബ്രുവരിയിൽ ഒരു സാധാരണ കാറിന്റെ ഫുൾ ടാങ്കിന് 147 ദിർഹമായിരുന്ന സ്ഥാനത്ത് നിലവിൽ 237 ദിർഹമിനടുത്താണ് വാഹന ഉടമകൾക്ക് ചെലവ് വരുന്നത്. ഈ വലിയ അധിക ബാധ്യതയ്ക്കാണ് അടുത്ത മാസം നേരിയ ശമനമുണ്ടാകുക.
മെയ് മാസത്തിൽ ബാരലിന് 106 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ജൂണിൽ കുത്തനെ ഇടിഞ്ഞ് 72.50 ഡോളറിലേക്ക് താഴ്ന്നു. യുഎഇയിലെ ഇന്ധന വില നിശ്ചയിക്കുന്നത് പ്രതിമാസ ശരാശരി എണ്ണവിലയെ അടിസ്ഥാനമാക്കിയായതിനാൽ ജൂണിലെ ഈ വലിയ ഇടിവ് ജൂലൈയിലെ വില കുറയ്ക്കലിലേക്ക് നേരിട്ട് വഴിതുറക്കും. പുതിയ വിതരണ തടസ്സങ്ങളോ സംഘർഷങ്ങളോ ഉണ്ടാകാതിരുന്നാൽ പെട്രോൾ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് നിലവിലെ പ്രവണതകൾ വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതാണ് വില കുറയാൻ പ്രധാന കാരണം. ഒമാൻ തീരത്തിനടുത്തുള്ള പുതിയ പാത ഉപയോഗിച്ച് എണ്ണ ടാങ്കറുകൾ വിജയകരമായി സർവീസ് പുനരാരംഭിച്ചതോടെ വിപണിയിലെ വിതരണ ആശങ്കകൾ ഒഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ധന വിപണി കമ്മിയിൽ നിന്ന് മിച്ചത്തിലേക്ക് മാറുമെന്നും ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Content Highlights: Global crude oil prices have witnessed a decline, raising expectations of a reduction in fuel prices across the UAE next month. The anticipated price cut is expected to benefit motorists and businesses by lowering transportation and operating costs.