കൃത്രിമബുദ്ധിയുടെ കരുത്തിൽ ദുബായിൽ വമ്പൻ മാറ്റങ്ങൾ; ലോകത്തിലെ ആദ്യ 'എഐ പാർക്ക്' ഒരുങ്ങുന്നു

സാങ്കേതികവിദ്യയുടെ ലോകത്ത് വീണ്ടുമൊരു വിപ്ലവത്തിനാണ് ദുബായ് തുടക്കമിടുന്നത്

കൃത്രിമബുദ്ധിയുടെ കരുത്തിൽ ലോകത്തിലെ ആദ്യത്തെ എഐ ഡിസൈൻഡ് പാർക്ക് ദുബായിൽ ഒരുങ്ങുന്നു. ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ച മൂന്ന് വൻകിട വികസന പദ്ധതികളുടെ ഭാഗമായാണ് വിപ്ലവകരമായ ഈ പാർക്ക് യാഥാർത്ഥ്യമാകുന്നത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതി പ്രഖ്യാപിച്ചത്.

സാങ്കേതികവിദ്യയുടെ ലോകത്ത് വീണ്ടുമൊരു വിപ്ലവത്തിനാണ് ദുബായ് തുടക്കമിടുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ, എഐ സാങ്കേതികവിദ്യയും ഡാറ്റയും പൂർണ്ണമായും പ്രയോജനപ്പെടുത്തി രൂപകൽപ്പന ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ പാർക്കാണിത്. ദുബായിലെ പൊതുയിടങ്ങളുടെ ഭാവി തന്നെ മാറ്റിയെഴുതുന്ന ഈ എഐ പാർക്ക്, നഗരസേവനങ്ങളും ജനങ്ങളുടെ ജീവിതനിലവാരവും ആധുനികവൽക്കരിക്കുന്നതിന്റെ പ്രധാന ഭാഗമാകും.

ഈ ഹൈടെക് പാർക്കിനൊപ്പം ദുബായിന്റെ ചരിത്ര ഹൃദയമായ ദുബായ് ക്രീക്കിനെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിക്കും ഭരണകൂടം അനുമതി നൽകി. 'ദുബായ് ക്രീക്ക് ലൈറ്റിംഗ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ക്രീക്കിന്റെ എട്ട് കിലോമീറ്റർ ഭാഗം അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങളാൽ മനോഹരമാക്കും. രാത്രികാലങ്ങളിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മികച്ചൊരു കേന്ദ്രമായി ഇവിടം മാറും.

യുഎഇയുടെ സാംസ്കാരിക പൈതൃകത്തിന് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിക്കുന്ന 'ദുബായ് ഫാൽക്കൺ മാർക്കറ്റ്' ആണ് മൂന്നാമത്തെ ആകർഷണം. ഈ മേഖലയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പ്രത്യേക വിപണിയായിരിക്കും ഇത്. എമിറാത്തി സംസ്കാരത്തിൽ ഫാൽക്കൺ പക്ഷികൾക്കുള്ള സ്ഥാനം മുൻനിർത്തിയും വേട്ടയാടൽ പോലുള്ള പരമ്പരാഗത കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ മാർക്കറ്റ് ഒരുങ്ങുന്നത്. പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും ഒരുമിച്ച് ചേർത്ത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് ദുബായ് എന്നും നിക്ഷേപം നടത്തുന്നതെന്ന് പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

Content Highlights: Dubai is preparing to launch the world's first AI Park as part of its vision to lead the global artificial intelligence sector. The project aims to attract technology companies, startups, researchers, and investors while accelerating innovation and digital transformation across industries.

To advertise here,contact us